വാഷിങ്ടൺ: വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടുകയും പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ, ഇറാനെതിരെയുള്ള നാവിക ഉപരോധം അനിശ്ചിതമായി തുടരാൻ അമേരിക്കക്ക് കഴിയുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഉപരോധം വഴി ഇറാനുമേൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്നും നാവിക ഉപരോധം നടപ്പിലാക്കുന്നതിനായി മേഖലയിൽ സൈനിക സാന്നിധ്യം നിലനിർത്താൻ യു.എസ് സൈന്യത്തിന് പൂർണ ശേഷിയുണ്ടെന്നും ഹെഗ്‌സെത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പനാമ സന്ദർശനവേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹുർമുസ് കടലിടുക്കിന് മേൽ അമേരിക്കക്ക് ‘പൂർണ നിയന്ത്രണമുണ്ടെന്ന്’ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം വന്നിരിക്കുന്നത്. മേഖലയിലെ കപ്പലുകൾ കൃത്യമായ ഇടവേളകളിൽ മാറ്റിസ്ഥാപിച്ചുകൊണ്ട് എത്ര കാലം വേണമെങ്കിലും യു.എസ് നാവികസേനക്ക് ഇവിടെ സാന്നിധ്യം നിലനിർത്താൻ കഴിയുമെന്ന് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. ഇതിനിടെ ഇറാനെതിരെ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കടുത്ത സാമ്പത്തിക ഒറ്റപ്പെടുത്തൽ നടപടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഊർജ്ജ വിതരണത്തിൽ അതിപ്രധാനമായ ഹുർമുസിലൂടെയുള്ള ഗതാഗതം ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതുമുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച അമ്പതിലധികം വാണിജ്യ കപ്പലുകളെ യു.എസ് നാവിക സേന ഇതുവരെ തടഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് അല്ലാതെ പോകുന്ന കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് ഇറാനിയൻ കപ്പലുകളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് വാഷിങ്ടൻ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു.
അതേസമയം, യു.എസ് വ്യോമാക്രമണങ്ങളും ഉപരോധങ്ങളും തുടരുമ്പോഴും ഹുർമുസ് കടലിടുക്കിലെ സ്വാധീനം കൈവിടാൻ ഇറാൻ തയാറായിട്ടില്ല. അനുമതിയില്ലാതെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുണ്ട്. ഇത് ആഗോളതലത്തിൽ ഇന്ധനവിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഇതിനിടയിൽ, നീണ്ട മാസങ്ങളായി കടലിൽ തുടരുന്ന 'യു.എസ്.എസ് എബ്രഹാം ലിങ്കൺ' എന്ന വിമാനവാഹിനിക്കപ്പലിലെ നാവികരുടെ മോശം സാഹചര്യങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തള്ളിക്കളഞ്ഞു. നാവികരുടെ ക്ഷേമത്തിനായി എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുദ്ധം മൂലം ഉണ്ടാക്കിവെച്ച ഉയർന്ന ഇന്ധനവിലയും മറ്റ് പ്രതിസന്ധികളും അമേരിക്കൻ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.