ഇസ്രായേൽ പൂർണമായി പിന്മാറുന്നതിന് മുമ്പ് ഹമാസ് നിരായുധീകരിക്കുന്നതിൽ 70 ശതമാനം ഫലസ്തീനികൾക്കും എതിർപ്പ് - സർവേ

തെൽ അവീവ്: ഗാസ മുമ്പിൽനിന്ന് ഇസ്രായേൽ പൂർണമായി പിന്മാറുന്നതിന് മുമ്പ് ഹമാസ് ആയുധം താഴെവെക്കുന്നതിനെ എഴുപത് ശതമാനത്തിലധികം ഫലസ്തീനികളും എതിർക്കുന്നതായി സർവേ.ഹമാസിനെ നിരായുധീകരിച്ചാൽ ഇസ്രായേൽ പൂർണമായി പിന്മാറാൻ തയ്യാറാകാതിരിക്കുകയും ഗാസയിലെ നരഹത്യ പുനരാരംഭിക്കുകയും ചെയ്യുമെന്ന് 72 ശതമാനം ഫലസ്തീനികളും വിശ്വസിക്കുന്നതായി സർവേ അഭിപ്രായപ്പെട്ടു.

ഫലസ്തീൻ സെന്റർ ഫോർ പോളിസി സർവേ റിസർച്ച് ആണ് സർവേ നടത്തിയത്.ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ഫലസ്തീനികളുടെ മനോഭാവം, അവരുടെ രാഷ്ട്രീയ നേതൃത്വം, ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന്റെ സാധ്യതകൾ എന്നിവയും സർവേയുടെ ഭാഗമായി.

യു.എസിന്റെ "ബോർഡ് ഓഫ് പീസ്" ഡീൽ ഹമാസ് അംഗീകരിച്ചിട്ടും, ഇസ്രായേൽ തുടർച്ചയായ ആക്രമണങ്ങൾ തുടരുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്ന് 79 ശതമാനം പേരും സർവേയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നവരുടെ പിന്തുണ 79 നും 89 ശതമാനത്തിനും ഇടയിലാണ്.

പി.എ. സ്ഥാപനങ്ങളിൽ അഴിമതി നിലവിലുണ്ടെന്ന് 83 ശതമാനം പേർ വിശ്വസിക്കുമ്പോൾ, 65 ശതമാനം പേരും ഈ അതോറിറ്റിയെ ഒരു ഭാരമായാണ് കാണുന്നത്.

ഇസ്രായേൽ രണ്ട് പതിറ്റാണ്ടിലേറെയായി തടവിൽ പാർപ്പിച്ചിരിക്കുന്ന പ്രമുഖ ഫലസ്തീൻ നേതാവായ മർവാൻ ബർഗൂട്ടി അബ്ബാസിന്റെ പിൻഗാമിയായി ഇപ്പോഴും നിർദേശിക്കപ്പെടുന്നുണ്ടെന്നും സർവേ കണ്ടെത്തി.

സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ 16 ശതമാനവും, മുഹമ്മദ് ദഹ്‌ലാൻ 15 ശതമാനവും, മുസ്തഫ ബർഗൂട്ടി 6 ശതമാനവും പിന്തുണ നേടി.

ഇസ്രായേൽ അധിനിവേശത്തിന് കീഴിൽ ഫലസ്തീനികൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ഈ കണ്ടെത്തലുകൾ പ്രതിഫലിപ്പിക്കുന്നു.

ഫലസ്തീനിലെ 76 ശതമാനം പേർ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണ്.ട്രംപ് ഭരണകൂടത്തിന്റെ ഗാസ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ബോർഡ് ഓഫ് പീസിനെ 24 ശതമാനം പേർ മാത്രമാണ് വിശ്വസിക്കുന്നത്, അതേസമയം 66 ശതമാനം പേരും അതിൽ അവിശ്വാസം പ്രകടിപ്പിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഇസ്രായേലിന്റെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റങ്ങളും ഔട്ട്‌പോസ്റ്റുകളും തങ്ങളുടെ വീടുകളോ ഭൂമിയോ നഷ്ടപ്പെടുത്തുമെന്ന് 87 ശതമാനം പേരും ഭയപ്പെടുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നീക്കം ചെയ്യുന്നത് മാറ്റം സൃഷ്ടിക്കുമെന്ന കാര്യത്തിലും ഫലസ്തീനികൾ സംശയം പ്രകടിപ്പിക്കുന്നു.ഒരു പ്രതിപക്ഷ സർക്കാരിന് കീഴിൽ ഇസ്രായേൽ നയം മാറ്റമില്ലാതെ തുടരുമെന്ന് 34 ശതമാനം പേർ വിശ്വസിക്കുമ്പോൾ, 33 ശതമാനം പേർ അത് കൂടുതൽ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നു.

1967 ലെ അതിർത്തികളിലേക്ക് ഇസ്രായേൽ പൂർണ്ണമായി പിന്മാറുന്നതും കിഴക്കൻ ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുമാണ് ഫലസ്തീൻ ജനതയുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരേണ്ടതെന്ന് 43 ശതമാനം പേർ പറഞ്ഞു.

Tags:    
News Summary - palestinians-reject-hamas-disarmament-full-israeli-withdrawal-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.