വാഷിങ്ടൺ: ഏറെ വിവാദമായ ജെഫ്രി എപ്സ്റ്റീൻ കേസ് ഫയലുകളുടെ വിധി സംബന്ധിച്ച് അടുത്ത ആഴ്ച വോട്ടെടുപ്പ് നടത്താൻ യു.എസ് ജനപ്രതിനിധി സഭ ഒരുങ്ങുകയാണെന്ന് സ്പീക്കർ മൈക്ക് ജോൺസൺ അറിയിച്ചു. എപ്സ്റ്റീൻ ഫയലിലെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടുന്നത് സംബന്ധിച്ചാണ് വോട്ടെടുപ്പ് നടക്കുക. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് കേസ്. ഡെമോക്രാറ്റുകൾ മുന്നോട്ട് വെച്ച ഡിസ്ചാർജ് പെറ്റീഷനിൽ 218 പേർ ഒപ്പു വെച്ചതോടെയാണ് സഭയിൽ ബില്ല് അവതരിപ്പിക്കേണ്ടി വന്നത്.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി എപ്സ്റ്റീൻ പങ്കുവെച്ച മെയിലുകൾ ഉൾപ്പടെ 20,000ത്തിലധികം രേഖകൾ ഡെമോക്രാറ്റ് പുറത്തുവിട്ടിരുന്നു. ട്രംപിനെക്കുറിച്ച് എപ്സ്റ്റീൻ സംസാരിച്ച ഇമെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉൾപ്പെടുന്ന രേഖകളാണ് പുറത്തുവിട്ടത്.
എന്നാൽ എപ്സ്റ്റീനുമായി ബന്ധമില്ലെന്നും ആരോപണങ്ങൾ നിലവിലെ പ്രശ്നങ്ങളിൽ നിന്നും വഴിതിരിപ്പിക്കാനുള്ളതാണെന്നും ട്രംപ് ആരോപിച്ചു. താൻ അധികാരത്തിൽ വന്നാൽ എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് ഫയലുകർ പുറത്തുവിടുമെന്ന ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് വാഗ്ദാനം ലംഘിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം നിരന്തരമായി വിമർശനങ്ങൾ നേരിട്ടിരുന്നു.
വർഷങ്ങളായി ട്രംപും എപ്സ്റ്റീനും അടുത്ത ബന്ധത്തിലായിരുന്നു. വിവാദ കേസിൽ ട്രംപിന് ബന്ധമുണ്ടെന്ന് നിരവധി തവണ ആരോപണവുമുയർന്നിരുന്നു. എന്നാൽ ഇവയെല്ലാം പ്രസിഡന്റ് തള്ളിപ്പറഞ്ഞിട്ടുണ്ട്. യു.എസ് സഭയിൽ ബിൽ പാസായാലും നിയമമാകാൻ ഇനിയുമേറെ കടമ്പകൾ കഴിയണം. സഭയിൽ നിന്നും പാസാക്കുന്ന ബിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ പാസാവണം. അതോടൊപ്പം ബിൽ വീറ്റോ ചെയ്യാനുള്ള അധികാരവും ട്രംപിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.