കടപരിധി ബിൽ പാസാക്കി യു.എസ് പ്രതിനിധി സഭ

വാഷിങ്ടൺ: യു.എസിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്ന ബിൽ പ്രതിനിധി സഭ പാസാക്കി. 117നെതിരെ 314 വോട്ടിനാണ് പാസായത്. ഈ ആഴ്ച സെനറ്റിൽ വോട്ടെടുപ്പ് നടക്കും. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിൽ ധാരണയെത്തിയതിനാൽ കൂടുതൽ വെല്ലുവിളിയുണ്ടാകില്ല എന്നാണ് കരുതുന്നത്.

ജൂൺ അഞ്ചിനുള്ളിൽ പരിധി ഉയർത്തിയില്ലെങ്കിൽ വായ്പ തിരിച്ചടവുകൾ മുടങ്ങുമെന്നിരിക്കെയാണ് പ്രസിഡന്റ് ജോ ബൈഡനും ജനപ്രതിനിധിസഭ സ്പീക്കർ കെവിൻ മക്കാർത്തിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടതുപോലെ രണ്ടു വർഷത്തെ ചെലവുചുരുക്കലിന് ബൈഡൻ തയാറായതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്.

സർക്കാറിന് എത്ര പണം കടമെടുക്കാമെന്ന് കോൺഗ്രസ് നിശ്ചയിച്ചിരിക്കുന്ന ചെലവുപരിധിയാണ് കടപരിധി. 31.4 ലക്ഷം കോടി ഡോളറാണ് ഇപ്പോഴത്തെ കടമെടുപ്പു പരിധി. 1960 മുതൽ പലപ്പോഴായി 78 തവണ ഉയർത്തിയാണ് ഈ തുകയിലെത്തിയത്. ഇക്കൊല്ലം ജനുവരിയിൽതന്നെ അമേരിക്കയുടെ കടം ഈ പരിധിയിലെത്തി. പിന്നീട് ഇതുവരെ ‘അസാധാരണ നടപടികളിലൂടെ’യാണ് സർക്കാറിനു പണം നൽകിയിരുന്നതെന്ന് ട്രഷറി വകുപ്പ് പറയുന്നു. ജൂൺ ഒന്നോടെ എല്ലാ ബില്ലുകളും അടക്കാൻ മതിയായ പണമുണ്ടാകില്ലെന്ന് ട്രഷറി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. അമേരിക്ക വായ്പ തിരിച്ചടവുകൾക്കും മറ്റു ചെലവുകൾക്കും പണമില്ലാതെ പ്രതിസന്ധിയിലായാൽ ആഗോള സാമ്പത്തിക രംഗത്തുതന്നെ വൻ പ്രത്യാഘാതം നേരിടുമായിരുന്നു.

News Summary - US House of Representatives Passes Debt Limit Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.