ബർലിൻ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ അമേരിക്ക കനത്ത തിരിച്ചടി നേരിടുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വാഷിങ്ടൺ അപമാനിക്കപ്പെട്ടതായും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. തെഹ്റാൻ യുദ്ധത്തിൽ മേൽക്കൈ നേടിക്കഴിഞ്ഞു. സംഘർഷത്തിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ നിലവിൽ അമേരിക്കക്ക് മുന്നിൽ വ്യക്തമായ വഴികളൊന്നുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ജർമൻ പട്ടണമായ മാർസ്ബർഗിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നേരിട്ട പരാജയങ്ങളേക്കാൾ ആഴത്തിലുള്ള തന്ത്രപരമായ പ്രതിസന്ധിയാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് ചാൻസലർ ചൂണ്ടിക്കാട്ടി.
‘ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാണ്, എന്നാൽ അവിടെനിന്ന് പുറത്തുകടക്കുക എന്നതാണ് പ്രധാനം. അഫ്ഗാനിസ്ഥാനിലും ഇറാഖിലും കണ്ടതുപോലെ വേദനാജനകമായ സാഹചര്യമാണ് ഇവിടെയും ആവർത്തിക്കുന്നത്. ഇറാനിയൻ നേതൃത്വവും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും ചേർന്ന് ഒരു വൻശക്തിയെ മുഴുവൻ അപമാനിച്ചിരിക്കുകയാണ്. അവർ പ്രതീക്ഷിച്ചതിലും കരുത്തരാണെന്ന് തെളിയിച്ചു കഴിഞ്ഞു’ മെർസ് പറഞ്ഞു.
യുദ്ധം ജർമനിയുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു തുടങ്ങി. ഊർജ്ജ വിതരണത്തിലെ തടസ്സങ്ങളും സാമ്പത്തിക അസ്ഥിരതയും യൂറോപ്പിലുടനീളം ആശങ്ക പടർത്തുന്നുണ്ട്. ജർമനിയുടെ സാമ്പത്തിക ഉത്‌പാദനത്തെ ഈ സംഘർഷം നേരിട്ട് ബാധിക്കുന്നുണ്ടെന്നും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.