കടൽ വഴി കുടിയേറ്റക്കാർ സ്യൂതയിലേക്ക് കടക്കുന്നു (ചിത്രം: റോയിട്ടേഴ്സ്)

അഭയാർഥി പ്രവാഹത്തിന് കാരണം വൈറൽ വീഡിയോകൾ; സ്പെയിനിലെ സ്യൂതയിൽ മരിച്ചവർ 77 ആയി

മാഡ്രിഡ്: സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള വടക്കനാഫ്രിക്കൻ പ്രദേശമായ സ്യൂതയിലേക്ക് കഴിഞ്ഞ ആഴ്ച പതിനായിരക്കണക്കിന് മൊറോക്കൻ കുടിയേറ്റക്കാർ ഒഴുകിയെത്തിയ സംഭവത്തിന് പിന്നിൽ വൈറൽ സോഷ്യൽ മീഡിയ വീഡിയോകൾ നിർണായക പങ്കുവഹിച്ചെന്ന് റിപ്പോർട്ട്. അനിയന്ത്രിത കുടിയേറ്റശ്രമത്തിനിടെ 77 പേർ മരിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമ വീഡിയോകളുടെ പങ്കുകൂടി പുറത്തുവന്നിരിക്കുന്നത്.

ജൂലൈ 30 മുതലാണ് ആയിരക്കണക്കിന് ആളുകൾ മെഡിറ്ററേനിയൻ കടലിലെ അതിർത്തികൾ മറികടന്ന് നീന്തി സ്യൂതയിലെത്താൻ ശ്രമിച്ചത്. സാഹസിക യാത്രക്കിടെ പലരും കടലിൽ മുങ്ങിമരിക്കുകയോ തിരക്കിലും തിക്കിലുംപെട്ട് കൊല്ലപ്പെടുകയോ ചെയ്തു. ഇതോടെ സ്പെയിനിനും യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്കും വലിയ നയതന്ത്ര വെല്ലുവിളി രൂപപ്പെടുകയും ചെയ്തിരുന്നു.

മൂന്ന് ആഴ്ച മുമ്പ് സ്പെയിൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയാണ് കുടിയേറ്റ പ്രവാഹത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കടലിൽ വെച്ച് പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഉടൻ തിരിച്ചയക്കില്ലെന്നായിരുന്നു വിധി. എന്നാൽ, സ്യൂതയിലെത്തുന്ന ആരെയും തിരിച്ചയക്കില്ലെന്ന തരത്തിൽ ഈ വിധി സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

‘സ്യൂതയിലെത്തിയാൽ നിങ്ങളെ തിരികെ അയക്കില്ല’ എന്ന സന്ദേശമുള്ള നിരവധി വീഡിയോകളാണ് വ്യാപകമായി പ്രചരിച്ചത്. ‘മെറ്റ’യുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ ജൂലൈ ആദ്യവാരം മുതൽ വ്യാപകമായി പ്രചരിച്ച പോസ്റ്റുകളിൽ, സ്പെയിനിലെ അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുന്ന പദ്ധതിയുടെ അവസാന തീയതി ജൂലൈ 30 ആണെന്ന വ്യാജവാർത്തയും പ്രചരിച്ചു. 28,000ലധികം ലൈക്കുകൾ നേടിയ ഒരു പോസ്റ്റ് ഉൾപ്പെടെ നിരവധി സന്ദേശങ്ങൾ കൂടുതൽ ആളുകളെ സ്യൂതയിലേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

സ്യൂതയിലെ പ്രാദേശിക മാധ്യമമായ ‘എൽ ഫാരോ ഡി സ്യൂത’ സംപ്രേഷണം ചെയ്ത ചില ദൃശ്യങ്ങളും അപ്രതീക്ഷിതമായി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു​. സ്യൂതയിലെത്തിയ യുവാക്കൾ സന്തോഷത്തോടെ തമ്പ്‌സ്-അപ്പ് കാണിക്കുന്നതും വിജയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളാണ് ഇവർ സംപ്രേഷണം ചെയ്തത്. ഇതും വ്യാപകമായി പ്രചരിക്കപ്പെട്ടു. ജൂലൈ 28ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ കടൽ കടന്ന് സ്യൂതയിലെത്തിയ രണ്ട് യുവതികൾ നഗരവീഥികളിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ മൊറോക്കോയിൽ വലിയ പ്രചാരം നേടി. ഇത് കൂടുതൽ ആളുകളെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ചതായി കുടിയേറ്റക്കാർ റോയിട്ടേഴ്സിനോട് പറയുന്നു.

പിന്നീട് പതിനായിരക്കണക്കിന് അനുയായികളുള്ള ഇൻഫ്ലുവൻസർമാർ സ്യൂതയിലേക്ക് നീന്തിപ്പോകുന്ന വീഡിയോകളും പങ്കുവെച്ചു. ചിലർ വെറ്റ്‌സ്യൂട്ടുകളും നീന്തൽ സഹായ ഉപകരണങ്ങളും ഉപയോഗിച്ച് കടൽ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. സ്യൂതയിലേക്കുള്ള വഴികളെക്കുറിച്ചും യാത്രാ നിർദേശങ്ങളെക്കുറിച്ചും വിവരങ്ങൾ പങ്കുവെച്ച ആയിരക്കണക്കിന് അംഗങ്ങളുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും കുടിയേറ്റ തരംഗത്തിന് ആക്കം കൂട്ടിയതായി സ്പാനിഷ് സുരക്ഷാ വിദഗ്ധരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Tags:    
News Summary - സ്യൂതയിൽ അഭയാർഥി പ്രവാഹത്തിന് കാരണം വൈറൽ വീഡിയോകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.