2025 ആദ്യപാദത്തിൽ വിക്ഷേപിച്ച സ്പേസ് എക്സ് ഫാൾക്കൺ 9 റോക്കറ്റ്
വാഷിങ്ടൺ: പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ റോക്കറ്റ് ഭാഗം ചന്ദ്രോപരിതലത്തിൽ ശക്തിയോടെ ഇടിച്ചിറങ്ങിയതായി റിപ്പോർട്ട്. ഏകദേശം ഒരു ബസിന്റെ വലിപ്പവും നാല് ടൺ ഭാരമുവുമുള്ള റോക്കറ്റിന്റെ ഭാഗം മണിക്കൂറിൽ 8,700 കിലോമീറ്റർ (5,400 മൈൽ) വേഗതയിലാണ് ഇടിച്ചിറങ്ങിയതെന്നാണ് നിഗമനം. ഐൻസ്റ്റൈൻ ഗർത്തത്തിനടുത്തായാണ് പതിച്ചതെന്നും തുടർന്ന്, വലിയൊരു ഗർത്തം രൂപപ്പെട്ടതായും ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ബഹിരാകാശ ട്രാക്കിങ് ഏജൻസികളും സ്ഥിരീകരിച്ചു.
2025 ആദ്യപാദത്തിൽ വിക്ഷേപിച്ച സ്പേസ് എക്സ് ഫാൾക്കൺ 9 റോക്കറ്റിന്റെ രണ്ടാം ഘട്ട ഭാഗമാണിത്. മൂന്ന് ടൺ ടി.എൻ.ടി സ്ഫോടനത്തിന് തുല്യമായ പ്രഹരശേഷിയോടെയാണ് ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്. സാധാരണയായി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിന്റെ ഇത്തരത്തിലുള്ള ഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്ന് കത്തിയമരുകയോ സമുദ്രത്തിൽ പതിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ, കഴിഞ്ഞ 18 മാസത്തിനിടെ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവയുടെ ഗുരുത്വാകർഷണ ബലങ്ങൾ കാരണമാണ് റോക്കറ്റിന്റെ സഞ്ചാരപഥം മാറി ചന്ദ്രനിലേക്ക് നീങ്ങിയത്. റോക്കറ്റിൽ ശേഷിച്ചിരുന്ന ഇന്ധനത്തിന്റെ അളവ് കുറവായതിനാൽ ഈ അപകടഗതി ഒഴിവാക്കാൻ സാധിക്കില്ലായിരുന്നുവെന്ന് സ്പേസ് എക്സ് അധികൃതർ വ്യക്തമാക്കി.
സൂര്യന്റെ പ്രവർത്തനങ്ങളും ഗുരുത്വാകർഷണ ബലങ്ങളുമാണ് റോക്കറ്റിനെ ചന്ദ്രന്റെ ദിശയിലേക്ക് നയിച്ചതെന്ന് സ്പേസ് എക്സ് ഡയറക്ടർ ജൂലിയാന ഷെയ്മാൻ അറിയിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഉയർന്ന പൊടിപടലങ്ങളുടെ സ്വഭാവവും രൂപപ്പെട്ട ഗർത്തത്തിന്റെ വ്യക്തമായ ചിത്രങ്ങളും വരുംദിവസങ്ങളിൽ ലഭ്യമാക്കും. കൂട്ടിയിടി നടന്ന പ്രദേശം കൃത്യമായി നിരീക്ഷിക്കുന്നതിനായി നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ, ദക്ഷിണ കൊറിയയുടെ ദനൂരി എന്നീ പേടകങ്ങളിലെ സെൻസറുകൾ ക്രമീകരിച്ചിട്ടുണ്ട്.
മനുഷ്യൻ വിക്ഷേപിച്ച റോക്കറ്റ് അവശിഷ്ടം അബദ്ധത്തിൽ ചന്ദ്രനിൽ പതിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2014ൽ വിക്ഷേപിച്ച ചൈനയുടെ ലോങ് മാർച്ച് 3 സി റോക്കറ്റിന്റെ ഭാഗം 2022ൽ ചന്ദ്രനിൽ പതിച്ച് ഇരട്ട ഗർത്തം രൂപപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.