കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നഗരത്തിലെ വെയർഹൗസുകൾക്കും കെട്ടിടങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മൂന്ന് ദശലക്ഷത്തിലധികം ജനങ്ങളുള്ള കിയവിൽ ഏഴ് വ്യത്യസ്ത ഇടങ്ങളിലാണ് റഷ്യ മിസൈൽ പതിപ്പിച്ചത്. മണിക്കൂറുകളോളമാണ് തലസ്ഥാനത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നീണ്ടുനിന്നത്. വിവിധ മേഖലകളിൽ നടന്ന ശക്തമായ ആക്രമണങ്ങളിൽ ഏഴ് സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. നഗരമധ്യത്തിന് സമീപമുള്ള ഒരു വെയർഹൗസ് പൂർണമായും തകർന്നുവെന്നും, അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ട് പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും മേയർ വിറ്റാലി ക്ലിറ്റ്സ്കോ ടെലഗ്രാമിലൂടെ അറിയിച്ചു. പരിക്കേറ്റവരിൽ ഒരു ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിയവിലും പരിസര പ്രദേശങ്ങളിലുമുള്ള ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും സപ്ലൈ ഹബുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. ഇവ സൈനിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും റഷ്യ ആരോപിക്കുന്നു. ആക്രമണത്തെ തുടർന്ന് വെയർഹൗസുകളിലും സ്റ്റോറേജ് ഏരിയകളിലും തീപിടുത്തമുണ്ടായതായി മേയർ അറിയിച്ചു. നഗരപ്രാന്തപ്രദേശത്ത് വലിയ തീപിടുത്തമുണ്ടായതായും, വീണുകിടക്കുന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ഒരു റസിഡൻഷ്യൽ കെട്ടിടത്തിന് സമീപം കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ആക്രമണത്തെ തുടർന്ന് അമോണിയ ചോർച്ചയുണ്ടായെങ്കിലും അടിയന്തര സേവന വിഭാഗം അത് ഉടൻ പരിഹരിച്ചതായി കിയവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നഗരത്തിലുടനീളം ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ സജീവമായിരുന്നു.
റഷ്യ ബാലിസ്റ്റിക് മിസൈലുകളുടെ ഉപയോഗം വർധിപ്പിച്ചതോടെ, കൂടുതൽ യു.എസ് നിർമിത പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ നൽകണമെന്ന് യുക്രെയ്ൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഇരുപക്ഷവും ദൂരപരിധി കൂടിയ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജൂലൈ മാസത്തിൽ റഷ്യ മിസൈലുകളുടെ ഉപയോഗം ഇരട്ടിയിലധികമാക്കി വർധിപ്പിച്ചപ്പോൾ, മറുഭാഗത്ത് റഷ്യയിലെ എണ്ണ-വാതക പ്ലാന്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്നും ആക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മോസ്കോ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ഇ-കൊമേഴ്സ് ഭീമനായ വൈൽഡ്ബെറീസിന്റെ ഡിപ്പോകൾ ലക്ഷ്യമിട്ടിരുന്നു. ഈ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എങ്കിലും, മോസ്കോയിലേക്ക് വന്ന കുറഞ്ഞത് 10 ഡ്രോണുകളെയെങ്കിലും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു നശിപ്പിച്ചതായി മോസ്കോ മേയർ ബുധനാഴ്ച വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.