ഹസീനയുടെ പരിപാടിയിൽ മുൻ ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനും

ന്യൂഡൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ന്യൂഡൽഹിയിൽ നടത്തിയ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരവും അവാമി ലീഗ് നേതാവുമായ ഷാക്കിബ് അൽ ഹസൻ.

അവാമി ലീഗ് ടിക്കറ്റിൽ മാഗുര-1 മണ്ഡലത്തിൽനിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാക്കിബിന്റെ രാഷ്ട്രീയ ജീവിതം, 2024 ഓഗസ്റ്റിൽ ശൈഖ് ഹസീന ഭരണകൂടം പുറത്താക്കപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്ന് കടുത്ത വിമർശനങ്ങളും നിയമനടപടികളും നേരിടേണ്ടിവന്ന അദ്ദേഹം വിദേശത്തേക്ക് മാറുകയായിരുന്നു.  

ന്യൂഡൽഹിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ ഓൺലൈനിലൂടെ സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീനക്കും മകൻ സജീബ് വാസെദ് ജോയിക്കുമൊപ്പം ഷാക്കിബും പങ്കെടുത്തത്.

അതേസമയം, എന്തു വിധി കാത്തിരുന്നാലും ബംഗ്ലാദേശിലേക്ക് തന്നെ മടങ്ങിയെത്തുമെന്നും രാജ്യത്ത് ജനാധിപത്യം തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്നും പരിപാടിയിൽ സംസാരിച്ച ശൈഖ് ഹസീന വ്യക്തമാക്കി. 2024 ഓഗസ്റ്റ് ആഗസ്റ്റ് അഞ്ചിന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട് രണ്ടു വർഷം തികയുന്ന വേളയിലായിരുന്നു ഈ പരിപാടി. അധികാരഭ്രഷ്ടയാക്കപ്പെട്ട ശേഷമുള്ള ഹസീനയുടെ ആദ്യ പരസ്യ പ്രസംഗമാണിത്.

ജയിലിലടച്ചാലും വധിച്ചാലും ജനങ്ങളിലേക്ക് മടങ്ങുമെന്ന നിശ്ചയദാർഢ്യം ഹസീന വ്യക്തമാക്കി. അധികാരം തിരിച്ചുപിടിക്കാനല്ല, മറിച്ച് രാജ്യത്ത് സുരക്ഷയും വികസനവും സമാധാനവും പുനഃസ്ഥാപിക്കാനാണ് തന്റെ മടങ്ങിവരവെന്ന് അവർ കൂട്ടിച്ചേർത്തു. 1981ൽ സിയാവുർ റഹ്മാന്റെ കാലത്തും തന്നെയ തടയാൻ ശ്രമിച്ചിരുന്നതായി അവർ ഓർമിപ്പിച്ചു.

2024 ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടന്ന പ്രക്ഷോഭം സമാധാനപരമായ വിദ്യാർഥി പ്രക്ഷോഭമായിരുന്നില്ലെന്നും ഭരണകൂടത്തെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നുവെന്നും അവർ ആരോപിച്ചു. പ്രക്ഷോഭ കാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തന്റെ സർക്കാർ രൂപവത്കരിച്ച ജുഡീഷ്യൽ അന്വേഷണ കമീഷനെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം തടഞ്ഞുവെന്നും അക്രമികൾക്ക് സംരക്ഷണം നൽകിയെന്നും ഹസീന കുറ്റപ്പെടുത്തി.

ബംഗ്ലാദേശ് ബാങ്കിൽനിന്ന് പ്രതിമാസം കോടിക്കണക്കിന് ടാക്ക വായ്പയെടുത്താണ് ഇപ്പോഴത്തെ ഭരണം മുന്നോട്ടുപോകുന്നത്. വ്യവസായങ്ങൾ അടച്ചുപൂട്ടുകയും സാമ്പത്തിക രംഗം തകരുകയും ചെയ്തു. അവാമി ലീഗ് പ്രവർത്തകർ, ന്യൂനപക്ഷങ്ങൾ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ എന്നിവർ കടുത്ത വേട്ടയാടലിന് ഇരയാവുകയാണെന്നും അവർ പറഞ്ഞു.

ബംഗ്ലാദേശ് മറ്റൊരു ‘പാകിസ്താൻ’ആയി മാറുകയാണെന്നും ഇത് ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച ഹസീനയുടെ മകനും മുൻ ഐ.സി.ടി ഉപദേശകനുമായ സജീബ് വാസെദ് ജോയ് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ എത്തിയതുമുതൽ ശൈഖ് ഹസീനയെ ഒരു രാഷ്ട്രത്തലവന്റെ പദവിയോടെ കണ്ട് ആദരവും സുരക്ഷയും നൽകുന്നതിന് നരേന്ദ്ര മോദി സർക്കാറിനോട് അദ്ദേഹം നന്ദി അറിയിച്ചു.

അതേസമയം, ശൈഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.