''അമേരിക്കക്കാർക്ക് കഴിവില്ല, അതിനാൽ ചില മേഖലകളിലേക്ക് കഴിവുള്ളവരെ പുറത്തുനിന്ന് കൊണ്ടു​വരേണ്ടി വരും'; എച്ച്‍-വൺ ബി വിസയിൽ മലക്കം മറിഞ്ഞ് ട്രംപ്

വാഷിങ്ടൺ: കുടിയേറ്റ നയത്തിൽ മലക്കം മറിഞ്ഞ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം നൽകണമെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്. വിദേശവിദ്യാർഥികളാണ് അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നെടുംതൂൺ എന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചില മേഖലകളിലേക്ക് പ്രതിഭകളെ കൊണ്ടുവരേണ്ടത് അനിവാര്യമാണ് എന്ന് പറഞ്ഞാണ് ട്രംപ് എച്ച്-1ബി വിസ പദ്ധതിയെ ന്യായീകരിച്ചത്. ഫോക്സ് ന്യൂസിലെ ലോറ ഇൻഗ്രാമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. 

എച്ച്-1ബി വിസയിൽ നിന്ന് പിന്തിരിയുന്നത് വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികൾ ഇല്ലാതാകാൻ കാരണമാകുമെന്നും അമേരിക്കക്കാരെ അത്തരം റോളുകളിലേക്ക് പുനർനിർമിക്കാൻ കഴിയില്ലെന്നും ലോറ വാദിച്ചു. അപ്പോഴാണ് ലോകമെമ്പാടുമുള്ള കഴിവുള്ള ആളുകളെ യു.എസിന് ആവശ്യമുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുത്തനെ കുറഞ്ഞാൽ അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു.

അപ്പോൾ അമേരിക്കക്കാർക്ക് വേണ്ടത്ര കഴിവുകളില്ലേ എന്ന് ലോറയുടെ ചോദ്യം വന്നു. എനിക്കും നിങ്ങൾക്കും പ്രത്യേക കഴിവുകളില്ലെന്നും ആളുകൾ പഠിക്കണം എന്നുമായിരുന്നു ട്രംപിന്റെ മറുപടി. ടെക്മേഖലയിൽ നിന്നുള്ളവരും ഫിസിഷ്യൻമാരുമുൾപ്പെടെയുള്ള ഇന്ത്യൻ പ്രഫഷനലുകളാണ് എച്ച്-1 ബി വിസയിൽ കൂടുതലായും അമേരിക്കയിലെത്തുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് എച്ച്-1ബി കുടിയേറ്റ ഇതര വിസ നിയന്ത്രിക്കാനായി ട്രംപ് ഭരണകൂടം അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ചത്. 2025 സെപ്റ്റംബർ ഒന്നിനു ശേഷം വിസക്കായി അപേക്ഷിക്കുന്നവർ ഒരു ലക്ഷം ഡോളർ നൽകണമെന്നായിരുന്നു പ്രഖ്യാപനം. യു.എസിലെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കക്കിടയാക്കിയ പ്രഖ്യാപനമായിരുന്നു അത്. സെപ്റ്റംബർ 21ന് ശേഷം പുതിയ എച്ച്-1 ബി വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ അധിക ഫീസ് ബാധകമാവൂ എന്ന് പിന്നീട് യു.എസ് സ്റ്റേറ്റ്ഡിപാർട്മെന്റ് വ്യക്തത വരുത്തി. നിലവിൽ വിസയുള്ളവരെ പുതിയ നിയമം ബാധിക്കില്ല. ​അതുപോലെ പറഞ്ഞ തീയതിക്ക് മുമ്പ് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും.

Tags:    
News Summary - US has to bring in talent from around the world Trump on H-1B visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.