വാഷിങ്ടൺ: 6,40000 ടൺ മാലിന്യത്തിനു മുകളിലാണ് യു.എസിൽ ഒരു പാർക്ക് നിർമിച്ചിരിക്കുന്നത്. 60 അടി ഉയരമുള്ള കുന്ന് മൗണ്ട് ട്രാഷ്മോർ പാർക്ക്' (Mount Trashmore Park) എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന ഈ പ്രദേശം ഇന്ന് തടാകങ്ങളും നടപ്പാതകളും കളിസ്ഥലങ്ങളും വിനോദസൗകര്യങ്ങളുമുള്ള 165 ഏക്കറുള്ള പൊതു ഇടമാണ്. യു.എസിലെ ആദ്യത്തെ മാലിന്യനിക്ഷേപ കേന്ദ്രം പുനരുപയോഗിച്ച് നിർമിച്ച പാർക്കാണ് മൗണ്ട് ട്രാഷ്.
1970കളുടെ തുടക്കത്തിൽ ആരംഭിച്ച ഈ അപൂർവ പദ്ധതി മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ച ഭൂമിയെ എങ്ങനെ മറ്റു രീതിയിൽ പ്രയോജനപ്പെടുത്താമെന്ന് കാണിച്ചതരുന്നു. വെർജീനിയ ബീച്ച് നഗരത്തിൽ വലിയ അളവിൽ വരുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വഴി ആവശ്യമായി വന്നപ്പോഴാണ് മൗണ്ട് ട്രാഷ് നിർമിക്കപ്പെട്ടത്. മാലിന്യനിക്ഷേപ കേന്ദ്രത്തെ ഒരു ചവറ്റുകുട്ടയായി ഉപേക്ഷിക്കുന്നതിന് പകരം നഗരം അതിന് പുതിയ രൂപം നൽകാൻ ഒരു പദ്ധതി തയാറാക്കി. മാലിന്യങ്ങൾ കംപ്രസ് ചെയ്യുകയും മണ്ണ് ഉപയോഗിച്ച് മൂടുകയും ചെയ്തു, ഇത് മാലിന്യങ്ങളെ ഒരു വലിയ കുന്നിന്‍റെ രൂപത്തിലാക്കാൻ സഹായിച്ചു.
പാർക്കിൽ രണ്ട് കൃത്രിമ തടാകങ്ങളുണ്ട്. ലേക് ട്രാഷ്മോർ, ലേക് വിൻഡ്സർ. ലേക് ട്രാഷ്മോർ ഒരു ശുദ്ധജല തടാകമാണ്, എന്നാൽ ലേക് വിൻഡ്സർ ഉപ്പുവെള്ള തടാകമാണ്. ഈ തടാകങ്ങൾ ഇപ്പോൾ പാർക്കിന്‍റെ വിനോദ പരിസ്ഥിതിയുടെ ഭാഗമാണ്. വെർജീനിയയിലെ മത്സ്യബന്ധന നിയമങ്ങൾക്ക് വിധേയമായി ലേക് ട്രാഷ്മോറിന്‍റെ കരയിൽ നിന്ന് മീൻപിടിക്കാൻ അനുവാദമുണ്ട്. ലേക് വിൻഡ്സറിൽ കയാക്കിങ്ങിന് അനുമതിയുണ്ട്, എന്നാൽ ബോട്ടുകൾ, നീന്തൽ, വെള്ളത്തിൽ ഇറങ്ങൽ എന്നിവക്ക് അനുമതിയില്ല.
കൃത്രിമമായി നിർമിച്ച ഈ കുന്ന് വിനോദ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. പാർക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പാതകളിലൂടെ സന്ദർശകർക്ക് നടക്കാനും വ്യായാമം ചെയ്യാനും സാധിക്കും. ഒരു പഴയ മാലിന്യ നിക്ഷേപ കേന്ദ്രം അടച്ചുപൂട്ടി മണ്ണുകൊണ്ട് മൂടുക മാത്രമല്ല ചെയ്തത്.
കൃത്യമായി പ്ലാൻ ചെയ്ത ഒരു പൊതു ഇടത്തിനുള്ള തറക്കല്ലായി ആ മാലിന്യകേന്ദ്രം മാറ്റുകയാണ് ഗവൺമെന്‍റ് ചെയ്തത്. ജലസേചനത്തിനായി 'സിറിസ്കേപ്പിങ്' രീതി ഉപയോഗിക്കുന്ന വാട്ടർ-വൈസ് ഗാർഡൻ പോലെയുള്ള പരിസ്ഥിതി സൗഹൃദ ഫീച്ചറുകളും പാർക്കിലുണ്ട്. പുനർവികസനം, പരിസ്ഥിതി പരിപാലനം, പൊതു വിനോദം എന്നിവ ഒന്നിക്കുമ്പോൾ പഴയ മാലിന്യകേന്ദ്രങ്ങളെ എങ്ങനെ പുനരുപയോഗിക്കാമെന്നതിന്റെ തെളിവാണ് മൗണ്ട് ട്രാഷ്മോറിന്റെ ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.