തെഹ്റാൻ: യു.എസ് സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹുർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഗൾഫിലെ മറ്റേതെങ്കിലും മേഖല വഴിയോ ഒരു തുള്ളി എണ്ണ പോലും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെയും അവരുടെ വ്യാപാര പങ്കാളികൾക്കെതിരെയും യു.എസ് പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി നിലപാട് വ്യക്തമാക്കിയത്.
യു.എസ് സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്നതോ പിന്തുണക്കുന്നതോ ആയ ഏത് രാജ്യത്തിന്‍റെ നടപടിയും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും റെസായി പറഞ്ഞു.
ഇറാനെതിരെ ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കിയിരുന്നു. ഇറാനുമായി സാമ്പത്തിക-വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾ അതിൻ്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ബെസന്‍റ് മുന്നറിയിപ്പ് നൽകിയത്. ഗൾഫ് മേഖലയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയോട് യു.എസുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉപരോധങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും നയതന്ത്ര ചർച്ചകളാണ് ആവശ്യമെന്നുമാണ് യു.എസിലെ ചൈനീസ് എംബസി പ്രതികരിച്ചത്.
യു.എസ് നീക്കത്തെ വിമർശിച്ചുകൊണ്ട് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഐ.ആര്‍.ജി.സി വക്താവ് സർദാർ മൊഹെബിയും രംഗത്തെത്തി. സൈനിക മേഖലയിൽ നേരിട്ട പരാജയം മറച്ചുവെക്കാനാണ് യു.എസ് സാമ്പത്തിക യുദ്ധം പ്രഖ്യാപിക്കുന്നതെന്ന് മൊഹെബി കുറ്റപ്പെടുത്തി. ഉപരോധങ്ങളും യുദ്ധവും ഇറാന് പുതിയ കാര്യങ്ങളല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചു.
തങ്ങളുടെ മിസൈൽ-ഡ്രോൺ ശേഷി ഉപയോഗിച്ച് പേർഷ്യൻ ഗൾഫിലെ എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെടുത്താൻ ഇറാന് സാധിക്കും. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലയ്ക്കുന്നത് ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമായേക്കാം. യു.എസും ഇറാനും തമ്മിൽ ആഴ്ചകളായി നേരിട്ടുള്ള സൈനിക ആക്രമണങ്ങൾ നടന്നിട്ടില്ലെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പൂർണമായി നിലച്ച മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.