കുട്ടികൾ പട്ടം പറത്തരുത്; ഗസ്സയെ ആക്രമിക്കാൻ പുതിയ ന്യായവുമായി ഇസ്രയേൽ

തെൽഅവീവ്: ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് ഡ്രോണുകളും ബലൂണുകളും പട്ടങ്ങളും അയക്കുന്നത് തുടർന്നാൽ ആക്രമിക്കുമെന്ന് ഹമാസിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. എന്നാൽ കുട്ടികൾ പറത്തുന്ന പട്ടങ്ങളെ ആക്രമണത്തിന് ഇസ്രയേൽ ന്യായീകരണമാക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കി.

ഗസ്സയിൽനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഡ്രോൺ, ബലൂൺ, പട്ടം എന്നിവ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സുരക്ഷാ യോഗം ചേർന്നതായും, ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇത്തരം കാര്യങ്ങൾക്ക് പിന്നിലുള്ളവരെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണം നടത്തുമെന്നും വിക്ഷേപണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും ഭീഷണി മുഴക്കി. 2023 ഒക്ടോബർ 7ന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ഇനി മടങ്ങില്ലെന്ന നിലപാടും നെതന്യാഹു ആവർത്തിച്ചു.

എന്നാൽ, ഇസ്രായേലിന്റെ ആരോപണം ഹമാസ് തള്ളി. ഗസ്സയിലെ അവശിഷ്ടങ്ങൾക്കിടയിൽ കുട്ടികൾ പട്ടം പറത്തുന്നത് അവരുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമാണെന്നാണ് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞത്. കുട്ടികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും ഗസ്സയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കാനുള്ള നീക്കം തടയാൻ അമേരിക്ക, മധ്യസ്ഥ രാജ്യങ്ങൾ, യു.എൻ സുരക്ഷാ കൗൺസിൽ എന്നിവ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഇതിനിടെ, ഹമാസിന്റെ കമാൻഡർ ഇസ്മായിൽ അബു ഫുലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗത്തിനായി സ്ഫോടക വസ്തുക്കളും ടാങ്ക് വേധ റോക്കറ്റുകളും നിർമിക്കുന്നതിൽ ഇയാൾ പങ്കെടുത്തിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ആരോപണം.

അന്താരാഷ്ട്ര സംഘടനയുടെ സഹായ വിതരണ കേന്ദ്രത്തിന് സമീപമാണ് ഈ ആയുധ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും ഐ.ഡി.എഫ് ആരോപിച്ചു. ഗസ്സയുടെ പുനർനിർമാണവും ഹമാസിന്റെ നിരായുധീകരണവും സംബന്ധിച്ച് അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജാരദ് കുഷ്നർ നേരത്തെ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗസ്റ്റ് 17ന് നാല് മണിക്കൂർ നീണ്ട ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായതായി കുഷ്നർ പിന്നീട് പറഞ്ഞിരുന്നു.

Tags:    
News Summary - Israel Warns Gaza Over Kites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.