നഫ്താലി ബെനറ്റ്,ബെന്യാമിൻ നെതന്യാഹു
തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും 'ബെയാച്ചദ്' പാർട്ടി തലവനുമായ നഫ്താലി ബെനറ്റ്. നെതന്യാഹു ഒരു 'അരാജകവാദിയാണെന്നും' അദ്ദേഹത്തിന്റെ വിഷലിപ്തമായ രാഷ്ട്രീയ പ്രചാരണങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് കനത്ത ഭീഷണി ഉയർത്തുന്നുണ്ടെന്നും ബെനറ്റ് കുറ്റപ്പെടുത്തി. പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. പത്രപ്രവർത്തകനായ അരീപ് ഷാവിത് എഴുതിയ "ബെനറ്റ്: അവർ ഓഫ് ട്രൂത്ത്" (Bennett: Hour of Truth) എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
നെതന്യാഹു അനുകൂലികളായ മാധ്യമങ്ങളും സോഷ്യൽ മീഡിയ ശൃംഖലകളും ചേർന്ന് തനിക്കെതിരെ അധികാരമോഹിയെന്ന വ്യാജ പ്രതിച്ഛായ സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് ബെനറ്റ് ആരോപിച്ചു. ഒക്ടോബർ 27-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന എതിരാളിയായ ഗാഡി ഐസൻകോട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികൾ വലിയ അപകടത്തിലാണ്. താൻ ഏറ്റവും വലിയ ഭരണപരിചയമുള്ള ആളാണെന്നും എന്നാൽ സർക്കാരിനെ മാറ്റുക എന്ന ലക്ഷ്യത്തിന് മുന്നിൽ ഏതെങ്കിലും ചെറിയ പദവി സ്വീകരിക്കാനും താൻ തയ്യാറാണെന്നും ബെനറ്റ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം താനും ഗാഡിയും മറ്റ് നേതാക്കളും ചേർന്ന് ഒറ്റ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021-ൽ താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ സമയത്തെ അനുഭവം ബെനറ്റ് പങ്കുവെച്ചു. വളരെ ദയനീയവും നിരാശജനകവുമായ രീതിയിലാണ് നെതന്യാഹു അധികാര കൈമാറ്റം നടത്തിയത്. താൻ ഭരണത്തിലെത്തിയാൽ രാജ്യദ്രോഹിയായി മുദ്രകുത്തുമെന്നും തന്റെ ജീവിതം നശിപ്പിച്ചുകളയുമെന്നും നെതന്യാഹു അന്ന് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ബെനറ്റ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. അന്നത്തെ ആ ഭീഷണികൾ അന്ന് താൻ കുറച്ചുകണ്ടുപോയെന്നും എന്നാൽ കഴിഞ്ഞ നാല് വർഷം ഇസ്രായേൽ അനുഭവിച്ചത് വലിയ ദുരന്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഹിറ്റ്‌ലറെ പോലെ ചിത്രീകരിച്ച് ആക്രമിക്കാൻ ചിലർ തയ്യാറാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും, സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ഗാഡി ഐസൻകോട്ടിന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും ബെനറ്റ് ആശങ്ക പ്രകടിപ്പിച്ചു.
ഇറാന്റെ കാര്യത്തിൽ ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണം നെതന്യാഹുവാണ് എന്ന് ബെനറ്റ് ആരോപിച്ചു. 2018 നും 2021 നും ഇടയിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം മൂന്ന് ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയപ്പോൾ നെതന്യാഹു സർക്കാർ ഒന്നും ചെയ്തില്ലെന്നും, താൻ പ്രധാനമന്ത്രിയായ ശേഷമാണ് ഈ രംഗത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് പ്രധാനമന്ത്രിമാർക്ക് കാലാവധി പരിധി നിർബന്ധമായും ഏർപ്പെടുത്തണമെന്നും ബെനറ്റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.