ഗസ്സ: ഇസ്രായേലിന്റ ആക്രമണത്തിൽ വീടും സർവ്വസ്വവും നഷ്ടപ്പെട്ട് പലായനം ചെയ്ത ലക്ഷക്കണക്കിന് ഫലസ്തീനികൾ സ്വന്തം ജീവനും മാനവും സംരക്ഷിക്കാൻ പെടാപ്പാടുപെടുന്നു. ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷനേടി ടെന്റുകളിലും തകർന്നവീടുകളുടെ അവശിഷ്ടങ്ങളിലും അഭയം പ്രാപിച്ചിരിക്കുന്ന ഇവർക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് അടിസ്ഥാന ശുചിത്വ സൗകര്യങ്ങളുടെ ലഭ്യതക്കുറവാണ്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമൊപ്പം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ഗുരുതരമായ ശൗചാലയ പ്രതിസന്ധിയാണ് ഗസ്സ നേരിടുന്നത്.
ഒക്ടോബർ 2023-ൽ യുദ്ധം ആരംഭിച്ചതുമുതൽ നിരവധി തവണ വീട് നഷ്ടപ്പെട്ട് പലായനം ചെയ്ത എമാൻ മഹമൂദ് ശമിയ എന്ന യുവതിയും കുടുംബവും ഇപ്പോൾ ഒരു ടെന്റിലാണ് കഴിയുന്നത്. സമൂഹത്തിലെ നിരവധിയാളുകൾ ചേർന്ന് മണ്ണിനടിയിൽ കുഴിയെടുത്ത് പൊതു ശൗചാലയം നിർമ്മിച്ചിട്ടുണ്ടെങ്കിലും, അത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നതെന്ന് എമാൻ പറയുന്നു. സ്ത്രീകളും കുട്ടികളും നേരിടുന്ന സുരക്ഷാപ്രശ്നങ്ങൾക്ക് പുറമെ, ശ്വാസകോശ കാൻസർ ബാധിതനായ തന്റെ ഭർത്താവിന് ഈ താൽക്കാലിക ശൗചാലയം ഉപയോഗിക്കാൻ പോലും കഴിയുന്നില്ല. "എന്റെ അടിസ്ഥാനപരമായ അന്തസ്സ് പോലും ഇവിടെ ഹനിക്കപ്പെടുന്നു. ഇങ്ങനെയൊക്കെയാണ് ഞങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത് -" എമാൻ പറഞ്ഞു.
കടുത്ത ഉപരോധം കാരണം ഗസ്സയിലേക്ക് ശുചിത്വ വസ്തുക്കളുടെയും പ്ലംബിങ് സാമഗ്രികളുടെയും ഇറക്കുമതി പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ഉപയോഗിച്ച ഒരു കക്കൂസ് സീറ്റിന് പോലും 1,500 മുതൽ 2,000 ഷെക്കൽ വരെയാണ് (ഏകദേശം 47,895 രൂപ മുതൽ 64,179 രൂപ വരെ) ഇന്നത്തെ വില. ഉയർന്ന വില നൽകി ഇത് വാങ്ങാൻ കഴിയാത്ത സാധാരണക്കാർ, പ്ലാസ്റ്റിക് കസേരകളിൽ തുളയിട്ട് അതിനു താഴെ മണൽ നിറച്ച് താൽക്കാലിക ശൗചാലയങ്ങൾ നിർമ്മിക്കാൻ നിർബന്ധിതരാകുന്നു.
തകർന്നുവീടുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് സ്വന്തമായി കക്കൂസ് നിർമ്മിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അതും സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അപ്പുറത്താണ്. നിലവിൽ 20 മുതൽ 25 ആളുകൾ വരെയാണ് ഒരു പൊതു ശൗചാലയം ഉപയോഗിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ സംവിധാനങ്ങളില്ലാത്തതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങളും സുരക്ഷാ ഭീഷണികളുമാണ് ഇത് സൃഷ്ടിക്കുന്നത്. ഹാൻഡ് സാനിറ്റൈസറും ടോയ്ലറ്റ് പേപ്പറും ഇപ്പോൾ ഗസ്സയിലെ ജനങ്ങൾക്ക് ലഭ്യമല്ലാത്ത ആഡംബര വസ്തുക്കളായി മാറിയിരിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഗസ്സയിലെ പകുതി ജനങ്ങൾക്ക് പോലും അടിസ്ഥാന ശുചിത്വ സൗകര്യങ്ങൾ ലഭ്യമല്ല. ടെന്റുകൾക്ക് സമീപം തന്നെ മലിനജലവും മനുഷ്യന്റെ വിസർജ്യങ്ങളും നിറഞ്ഞുകിടക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അണുബാധ, ചർമ്മരോഗങ്ങൾ, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി നിരവധി കുട്ടികളും സ്ത്രീകളും വയോധികരുമാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.
ആവശ്യസാധനങ്ങൾ എത്തിക്കാൻ വ്യാപാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന അതിർത്തിയിലെ കർശന നിയന്ത്രണങ്ങളും തടസ്സങ്ങളുമാണ് പ്രധാന പ്രതിബന്ധം. ഈ ഗുരുതരമായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ യുനിസെഫ് (UNICEF), ലോക ഭക്ഷ്യപദ്ധതി (WFP), യൂറോപ്യൻ യൂണിയൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ അടിയന്തരമായി ഇടപെടണമെന്നും ഗസ്സയിലെ ജനങ്ങൾക്ക് സൗജന്യമായി ശുചിത്വ സാമഗ്രികൾ എത്തിച്ചു നൽകണമെന്നുമുള്ള ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.