നൈറോബി: ആൽകെമിസ്റ്റ് എന്ന നോവലിന്റെ കഥയിലെ സാന്റിയാഗോ എന്ന ആട്ടിടയനെ ഓർക്കാത്തവരുണ്ടാകില്ല. പ്രപഞ്ചത്തിന്റെ മിടിപ്പറിഞ്ഞ് സ്വർണം തേടിയലയുന്ന അയാളുടെ കഥ അനുസ്മരിപ്പിക്കുന്ന യഥാർഥ സംഭവം നടന്നിരിക്കുന്നു. ആഫ്രിക്കയിലെ ഒരു ആട്ടിടയന് അവിചാരിതമായി സ്വര്‍ണക്കട്ടി ലഭിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആഫ്രിക്കയിലെ ഈ ഉൾഗ്രാമത്തിലേക്ക് ജനങ്ങൾ ഒഴുകുകയാണ്.
കെനിയയിലെ വെസ്റ്റ് പോക്കോട്ട് കൗണ്ടിയിലുള്ള 'ചെപോറോർ' എന്ന കൊച്ചുഗ്രാമത്തിലേക്കാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകൾ സ്വര്‍ണം തേടിയെത്തിയത്. കെനിയയിൽനിന്നും അയൽരാജ്യമായ ഉഗാണ്ടയിൽനിന്നുമുള്ള ആളുകളാണ് ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നത്.
മനോഹരമായ ആഫ്രിക്കൻ ഗ്രാമമായ ചെപോറോറിലെ മനാസെ ലോമച്ചാർ (33) എന്ന ആട്ടിടയനാണ് പുഴയോരത്ത്നിന്ന് മൂന്ന് ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി ലഭിച്ചത്. ഇത് പ്രാദേശിക വിപണിയിൽ വിറ്റ് 36,000 കെനിയൻ ഷില്ലിങ് (ഏകദേശം 26,600 തദ്ദേശീയ രൂപ) ഇയാൾ സമ്പാദിച്ചു. ഈ വാർത്ത പ്രദേശത്ത് കാട്ടുതീ പോലെ പടർന്നതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് സ്വർണം കുഴിച്ചെടുക്കാനായി ഇരച്ചുകയറിയത്.
ലോമച്ചാറിന്റെ കണ്ടെത്തലിന് പിന്നാലെ സംഘടിച്ചെത്തിയ യുവാക്കളും സ്ത്രീകളും ഉൾപ്പെടുന്ന സംഘങ്ങൾ പ്രദേശത്തുനിന്ന് വലിയ തോതിൽ സ്വര്‍ണം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രതിദിനം നൂറിലധികം ആളുകൾ ചെറുകിട സ്വര്‍ണ വ്യാപാരികളെ സമീപിക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിക്കുന്നു. സാധാരണയായി ഈ പ്രദേശത്തെ നദികളിൽനിന്ന് വളരെ ചെറിയ അളവിൽ സ്വര്‍ണം ലഭിക്കാറുണ്ടെങ്കിലും, ഇത്രയും വലിയ അളവിൽ കണ്ടെത്തുന്നത് അപൂർവമാണെന്ന് വെസ്റ്റ് പോക്കോട്ട് ഡെപ്യൂട്ടി കമീഷണർ സാമുവൽ കിയാരി വ്യക്തമാക്കി.
പെട്ടെന്നുണ്ടായ ജനപ്പെരുപ്പം ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യതയും ശുചിത്വപ്രശ്നങ്ങളും വലിയ ആശങ്ക ഉയർത്തുന്നുണ്ടെന്നും അധികൃതർ പറയുന്നു. അതേസമയം, സ്വര്‍ണവേട്ടക്കാരെ ലക്ഷ്യമിട്ട് ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന ഇരുനൂറിലധികം പുതിയ ചെറുകിട കച്ചവട സ്ഥാപനങ്ങൾ പ്രദേശത്ത് പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇവിടെ സ്വര്‍ണത്തിന്റെ യഥാർത്ഥ നിക്ഷേപം എത്രത്തോളമുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഭാഗ്യം പരീക്ഷിക്കാനെത്തുന്നവരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.