വാഷിങ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൂചനകൾക്കിടെ, അമേരിക്കയുടെ ‘അന്ത്യദിന വിമാനം’ (Doomsday Plane) എന്നറിയപ്പെടുന്ന അത്യാധുനിക ആണാവക്രമണ വേധ വിമാനം ചൊവ്വാഴ്ച മേരിലാന്റിലെ സൈനിക കേന്ദ്രമായ ആൻഡ്രൂ ബെയ്സിൽ ഇറങ്ങി. വിമാന സഞ്ചാരം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്ന ൈഫ്ലറ്റ് ട്രാക്കിങ് സംവിധാനങ്ങളിലുള്ള വിവരം വെച്ചാണ് റിപ്പോർട്ട്.
ആണവ യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഉന്നതരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സർക്കാറിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും സഹായകമാകുന്ന തരത്തിൽ രൂപകൽപന ചെയ്ത വിമാനമാണിത്. ചൊവ്വാഴ്ച വൈകീട്ട് ലൂസിയാനയിൽ നിന്നാണ് വിമാനം പുറപ്പെട്ട് വാഷിങ്ടണിനടുത്ത് എത്തിയത്.
ഇ-4ബി ഇനത്തിൽ പെടുന്ന നാലു വിമാനങ്ങളുണ്ട് യു.എസിന്. ഇതിന് ഓരോന്നിനും 112 പേരെ വഹിക്കാനാകും. 7,000 മൈലിലധികം പറക്കാം. ആണവ സ്ഫോടനം, സൈബർ ആക്രമണം, ഇലക്ട്രോ മാഗ്നറ്റിക് പ്രകമ്പനങ്ങൾ എന്നിവ ചെറുക്കാനാകും. യു.എസ് വ്യോമസേനയാണ് ഇത് കൈകാര്യം ചെയ്യുന്നത്. പ്രതിരോധിക്കാനുള്ള മിസൈലുകൾ തൊടുക്കാനുമാകും.
ഇതിന്റെ റേ ഡോമിൽ 67 സാറ്റ്ലൈറ്റ് ഡിഷുകളുള്ളതിനാൽ ലോകത്തുള്ള ആരുമായും എപ്പോൾ വേണമെങ്കിലും ആശയവിനിമയം സാധ്യമാകും. ഒരാഴ്ച വരെ നിലംതൊടാതെ നിൽക്കാനാകും. ആകാശത്തുവെച്ച് ഇന്ധനവും നിറക്കാം.
യു.എസ് ഇറാനെ ആക്രമിക്കാനും ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. യു.എസ് ഇറാനെ ആക്രമിക്കുന്നതിന് അടുത്തെത്തിയോയെന്ന ചോദ്യത്തിന് ഇപ്പോൾ അതിന് മറുപടി പറയാനാവില്ലെന്നും ഇത്തരം ചോദ്യങ്ങൾക്ക് താൻ മറുപടി പറയുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
താൻ എന്താണ് ചെയ്യുകയെന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നേരത്തെ ചർച്ചക്കെത്താത്തതിലെ നീരസവും ട്രംപ് പ്രകടിപ്പിച്ചു. മുമ്പ് തന്നെ എന്തുകൊണ്ടാണ് നിങ്ങൾ ചർച്ചക്കെത്താതിരുന്നത്. മരണത്തിനും നഷ്ടത്തിനും മുമ്പ് തന്നെ ചർച്ചക്കെത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അമേരിക്ക ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘര്‍ഷം വഷളക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കാനാണ് താത്പര്യമെങ്കില്‍ തങ്ങള്‍ എല്ലാ മാര്‍ഗങ്ങളും പുറത്തെടുക്കും. അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങളുടെ രാജ്യതാത്പര്യം സംരക്ഷിക്കാനും എന്തും ചെയ്യേണ്ടി വരുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാസിം ഗരിബാബാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.