വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കാന്‍ ആദ്യമായി കറുത്ത വംശജന്‍. നാന്‍സി പെലോസി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹക്കീം ജെഫ്രീസ് (52) ചേംബറില്‍ പാര്‍ട്ടിയെ നയിക്കാനെത്തുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കുകയാണ് ദൗത്യം.
ജനപ്രതിനിധിസഭ, സെനറ്റ് എന്നിങ്ങനെ യു.എസ് കോണ്‍ഗ്രസിന്റെ രണ്ട് ചേംബറുകളുടെയും ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വംശജന്‍ ഒരു പാര്‍ട്ടിയുടെ തലവനാകുന്നത്. ബുധനാഴ്ച കാപിറ്റോള്‍ ഹില്ലില്‍ നടന്ന യോഗത്തിന് ശേഷമാണ് ജെഫ്രീസിനെ നേതാവായി ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുത്തത്. നേതൃസ്ഥാനത്തേക്ക് ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരുണ്ടായിരുന്നില്ല. അടുത്ത വര്‍ഷമായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുക. 2019 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്.
ഈ വരുന്ന ജനുവരിയില്‍ ജനപ്രതിനിധിസഭയിലെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് 82 കാരിയായ പെലോസി നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. 2003ൽ ആദ്യമായി കോൺഗ്രസ് നേതാവും 2007ൽ ആദ്യ വനിത ജനപ്രതിനിധസഭ സ്പീക്കറുമായ പെലോസി വടക്കൻ കാലിഫോർണിയ ജില്ലയിൽനിന്നുള്ള പ്രതിനിധിയായി തുടരും. പെലോസിയുടെ 30 വർഷം ജൂനിയറായ ജെഫ്രീസ് കോൺഗ്രസ് അംഗത്തിന്റെ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ തലമുറമാറ്റം അടയാളപ്പെടുത്തുന്നതായാണ് വിലയിരുത്തൽ.
2013 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനപ്രതിനിധിയാണ് അഭിഭാഷകന്‍ കൂടിയായ ജെഫ്രീസ്. ന്യൂയോര്‍ക്ക് നഗരത്തിലെ കിഴക്കന്‍ ബ്രൂക്ക്‌ലിന്‍, തെക്കുപടിഞ്ഞാറന്‍ ക്വീന്‍സ് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
ജനപ്രതിനിധിസഭയിൽ പ്രതീക്ഷിച്ചതിലും നേരിയ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിലും പ്രസിഡന്റ് ജോ ബൈഡന്റെ നിയമനിർമാണത്തിന് തടയിടാൻ റിപ്പബ്ലിക്കന്മാർക്ക് കഴിയും.
കോവിഡ് മഹാമാരി കൈകാര്യം, അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കയുടെ പിൻമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണങ്ങൾ ആരംഭിക്കാൻ റിപ്പബ്ലിക്കന്മാർ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന. ഡെമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നിലനിർത്തുമെങ്കിലും ഭൂരിപക്ഷമില്ലാത്തത് ഇരുപക്ഷത്തിനും വെല്ലുവിളിയുയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.