സുഡാനിൽ ആർ‌.എസ്‌.എഫിന്റെ ഡ്രോൺ ആക്രമണത്തിൽ ഡസൻ കണക്കിന് സിവിലിയൻ മരണം

ദാർഫുർ: ആഭ്യന്തര കലാപത്തിൽപ്പെട്ടുഴറുന്ന സുഡാനിലെ സൗത് കോർദോഫാൻ സംസ്ഥാനത്തെ പ്രധാന പട്ടണമായ ദില്ലിംഗിൽ സർക്കാർ വിമത സേനയായ ആർ‌.എസ്‌.എഫ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഡസൻ കണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

സുഡാനീസ് സൈന്യത്തിന്റെ 54-ാം ബ്രിഗേഡിന്റെ ആസ്ഥാനവും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ ചാവേർ ഡ്രോണുകൾ ആക്രമിച്ചതായി പ്രാദേശിക സ്രോതസ്സുകളെയും മെഡിക്കൽ ഗ്രൂപ്പുകളെയും ഉദ്ധരിച്ച് സുഡാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

സർക്കാർ പിന്തുണയുള്ള സുഡാനീസ് സായുധ സേന (എസ്.എ.എഫ്) രണ്ട് വർഷമായി തുടരുന്ന ആർ.എസ്.എഫിന്റെ ഉപരോധം തകർത്തതായും പ്രധാന ഇന്ധന വിതരണ ലൈനുകളുടെ നിയന്ത്രണം നേടിയതായും പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ആർ.എസ്.എഫ് ആക്രമണം.

ഉപരോധിക്കപ്പെട്ട സംസ്ഥാന തലസ്ഥാനമായ കദുഗ്ലിക്കും ആർ‌.എസ്‌.എഫ് വളയാൻ ശ്രമിക്കുന്ന നോർത്ത് കോർദോഫാൻ പ്രവിശ്യയുടെ തലസ്ഥാനമായ എൽ ഒബൈദിനും ഇടയിലാണ് ദില്ലിംഗ് സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ മുതൽ സുഡാന്റെ നിയന്ത്രണത്തിനായി ആർ‌.എസ്‌.എഫും എസ്‌.എ‌.എഫും രൂക്ഷമായ ആഭ്യന്തരയുദ്ധം നടത്തുകയാണ്. ഇത് ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷങ്ങളെ നാടുകടത്തുകയും ചെയ്തു.

ഉപരോധം നീക്കിയതിനുശേഷം സേവന സൗകര്യങ്ങൾ നശിപ്പിക്കുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ഡ്രോൺ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ദില്ലിങ്ങിൽ നടന്നു. ഉപരോധം പുനഃസ്ഥാപിക്കാൻ ആർ‌.എസ്‌.എഫ് ശ്രമിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ സുഡാൻ ട്രിബ്യൂണിനോട് പറഞ്ഞു. എസ്‌.എ‌.എഫ് പ്രദേശം കൈവശം വെക്കുകയും വടക്കൻ കോർദോഫാൻ സംസ്ഥാനത്തെ തന്ത്രപ്രധാനമായ തവില പട്ടണത്തിന് സമീപമുള്ള ആക്രമണങ്ങളെ ചെറുക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - Dozens of civilians killed in RSFs drone attack in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.