ബീജിങ്: ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ ബന്ധത്തിന്റെ സൂചന നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ബീജിങ്ങിലെത്തിയ കെയർ സ്റ്റാമറും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും ഒന്നര മണിക്കൂറോളം സ്വകാര്യമായി സംസാരിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചക്ക് അനുവദിച്ച സമയത്തിന്റെ ഇരട്ടിയാണിത്.
‘ലോകത്തിനിത് വെല്ലുവിളി നിറഞ്ഞ സമയ’മാണെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി, ഈ സമയത്ത് ചൈനയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹം മുന്നോട്ടുവെച്ചു. ആഗോള സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, മറ്റ് വിഷയങ്ങൾ എന്നിവയിൽ അവരുടെ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൈനീസ് നേതാവിനോട് പറഞ്ഞു.
യു.കെക്കും ചൈനക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരതയും സമഗ്രവുമായ തന്ത്രപരമായ പങ്കാളിത്തം ആവശ്യമാണെന്ന് തനിക്ക് വളരെക്കാലമായി വ്യക്തമായിരുന്നുവെന്നും സ്റ്റാർമർ പറഞ്ഞതായി വാർത്താ ഏജൻസികൾ ഉദ്ധരിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ബ്രിട്ടന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. നിലവിൽ ബ്രിട്ടണിലേക്ക് പ്രതിവർഷം 45 ബില്യൺ യൂറോയുടെ ഉൽപന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാൽ സാമ്പത്തിക വിശ്വാസ്യത തേടി യു.കെ ചൈനയിലേക്ക് തിരിഞ്ഞതിൽ അതിശയിക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
അതേസമയം, ചൈനയുടെ മികച്ച 10 വ്യാപാര പങ്കാളികളിൽ യു.കെ ഇടം നേടിയിട്ടില്ല. എന്നാൽ അമേരിക്കയുമായി ഉരസൽ നിലനിൽക്കുന്ന അറ്റ്ലാന്റിക് സമുദ്ര സഖ്യത്തിന്റെ ആഴത്തിലുള്ള അനിശ്ചിതത്വത്തിന്റെ സമയത്ത്, യു.എസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ അവസരം ചൈനീസ് നേതൃത്വം ഉപയോഗപ്പെടുത്തുന്നതായാണ് സൂചനകൾ.
യു.കെയുടെ ദേശീയ സുരക്ഷക്ക് ചൈന ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ചാരവൃത്തിയിൽ നിന്ന് സംരക്ഷിക്കാൻ തനിക്ക് കാവൽക്കാർ ഉണ്ടായിരിക്കുമെന്നും സ്റ്റാർമർ പറഞ്ഞു. യു.കെയുടെ അടിസ്ഥാന സൗകര്യങ്ങളിൽ ചൈനയുടെ നേരിട്ടുള്ള സ്വാധീനം പരിമിതപ്പെടുത്തുക എന്നതിനൊപ്പം തന്നെ ചൈനയുമായുള്ള വാണിജ്യ-നയതന്ത്ര ഇടപെടലുകളുടെ ആവശ്യകത എങ്ങനെ സന്തുലിതമാക്കാം എന്നതിലാണ് സ്റ്റാർമറിന്റെ ചർച്ചകളുടെ പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.