'ഇന്ത്യ- ഇ.യു വ്യാപാര കരാർ യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകാൻ'; യൂറോപിനെതിരെ ആഞ്ഞടിച്ച് ടീം ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ യൂറോപ്യൻ യൂനിയനെ (ഇ.യു) വിമർശിച്ച് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. യൂറോപ്യൻ നേതാക്കൾ യുക്രെയ്ൻ യുദ്ധത്തിലെ സ്വന്തം നിലപാടുകൾ മറന്ന് ഭൗമരാഷ്ട്രീയത്തിനും ഊർജ സുരക്ഷക്കും ഉപരിയായി സാമ്പത്തിക നേട്ടങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നായിരുന്നു വിമർശനം. ഇന്ത്യ- ഇ.യു വ്യാപാര കരാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് യു.എസ് മാധ്യമങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബെസന്‍റ്.

"രാജ്യങ്ങൾക്ക് സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും, യൂറോപ്പിന്റെ തിരഞ്ഞെടുപ്പുകൾ അവരുടെ യുക്രെയ്ൻ നയത്തിലെ ആഴത്തിലുള്ള വൈരുദ്ധ്യം തുറന്നുകാട്ടുന്നതാണ്. യൂറോപ്പും ഇന്ത്യയും ഈ വമ്പിച്ച വ്യാപാര കരാറിൽ ഒപ്പുവച്ചു. അത് അമേരിക്കയെ ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും അവർ സ്വയം ഏറ്റവും മികച്ചത് ചെയ്യണം. എന്നാൽ യൂറോപ്യന്മാർ വളരെ നിരാശരാണെന്ന് ഞാൻ കരുതുന്നു, കാരണം അവർ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ മുൻനിരയിലാണ്"- ബെസെന്റ് പറഞ്ഞു. ."

യൂറോപ്യൻ രാജ്യങ്ങൾ പരസ്യമായി അപലപിക്കുന്ന റഷ്യ- യുക്രെയ്ൻ സംഘർഷത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം ആരോപിച്ചു. റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോൾ പാശ്ചാത്യരാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തി.

എന്നാൽ ഇന്ത്യ കിഴിവുള്ള റഷ്യൻ അസംസ്കൃത എണ്ണയുടെ വാങ്ങൽ ഗണ്യമായി വർധിപ്പിച്ചു. യൂറോപ്പ് ആ എണ്ണയിൽ നിന്ന് നിർമ്മിച്ച ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ പ്രധാന ഉപഭോക്താവായി മാറുന്നുവെന്നും ബെസെന്‍റ് പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടാണ് അമേരിക്ക പ്രതികരിച്ചതെന്നും ബെസെന്‍റ് കൂട്ടിച്ചേർത്തു. എന്നാൽ സമാനമായ നടപടികളിൽ യു.എസിനോടൊപ്പം ചേരാൻ യൂറോപ്പ് വിസമ്മതിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ ശരിയായ ദിശയിൽ നിലനിർത്താനുള്ള യൂറോപ്പിന്റെ ആഗ്രഹമാണ് ഈ വിമുഖതക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ ജനതക്ക് വേണ്ടി ഏതെങ്കിലുമൊരു യൂറോപ്യൻ സംസാരിക്കുന്നത് കേട്ടാൽ അവർ യുക്രെയ്ൻ ജനതയെക്കാളും വ്യാപാരത്തിന് പ്രാധാന്യം കൊടുത്ത കാര്യമാണ് ഓർക്കേണ്ടത്. യൂറോപ്പിന് വലിയ അളവിൽ ഊർജ ഉൽപന്നങ്ങൾ ആവശ്യമാണ്. അതായിരിക്കാം അവരെ ഇത്തരമൊരു കരാറിലെത്തിച്ചത്.

ഉപരോധം ഏർപ്പെടുത്തിയ റഷ്യൻ എണ്ണ വാങ്ങാൻ തയ്യാറായെങ്കിൽ യു.എസിനും വിലക്കുറവിൽ ലഭിക്കുന്ന ഊർജ ഉൽപന്നങ്ങളിലൂടെ പ്രയോജനം ഉണ്ടാകുമെന്നും ബെസെന്‍റ് പറഞ്ഞു.

ആഭ്യന്തര സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം റഷ്യയിൽ സാമ്പത്തിക സമ്മർദം എങ്ങനെ കർശനമായി നടപ്പിലാക്കണം എന്നതിനെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന പിരിമുറുക്കങ്ങൾ എടുത്തുകാണിക്കുന്നതാണ് ഈ അഭിപ്രായങ്ങൾ.

യുക്രെയ്‌നിനുള്ള പിന്തുണ നിലനിർത്തുമ്പോൾ തന്നെ ഊർജ്ജ സുരക്ഷയും സാമ്പത്തിക സ്ഥിരതയും നിർണായകമാണെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.

Tags:    
News Summary - 'India-EU trade deal to fund Ukraine war'; Team Trump lashes out at Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.