വാഷിങ്ടൺ: അമേരിക്കൻ പൗരനായ ഐ.സി.യു നഴ്‌സ് അലക്സ് പ്രെറ്റിയെ കൊല്ലപ്പെടുന്നതിന് 11 ദിവസം മുമ്പ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഫെഡറൽ ഏജന്റുമാർ മർദിക്കുന്ന വിഡിയോ പുറത്തുവന്നു. ഫെഡറൽ ഓഫിസർമാരുടെ വെടിയേറ്റ് ഐ.സി.യു നഴ്‌സ് മരിക്കുന്നതിനു മുമ്പ് ജനുവരി 13ന് മിനിയാപൊളിസിൽ നടന്ന സംഭവത്തിന്റെ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ, ഫെഡറൽ അടിച്ചമർത്തലിനെതിരായ തീവ്രമായ കമ്യൂണിറ്റി പ്രതിഷേധത്തിനിടെ കുടിയേറ്റ വിരുദ്ധ ഏജൻസിയുടെ ഉദ്യോഗസ്ഥർ പ്രെറ്റിയെ പിടിച്ച് നിലത്തേക്കു തള്ളുന്നതായി കാണാം.
കാമറയിൽ സംഭവങ്ങൾക്ക് മുമ്പുള്ളത് എന്താണെന്ന് വ്യക്തമല്ല. പക്ഷേ, ഫൂട്ടേജിൽ പ്രെറ്റി ഒരു വാഹനത്തിലെ ഏജന്റുമാരോട് ഉച്ചത്തിൽ സംസാരിക്കുന്നതും അവർ നീങ്ങുമ്പോൾ കാറിന്റെ ടെയിൽ ലൈറ്റ് ചവിട്ടുന്നതും കാണിക്കുന്നു. ഉടൻ വൻതോതിൽ ആയുധം ധരിച്ച ഒരു ഏജന്റ് കാറിൽ നിന്ന് പുറത്തിറങ്ങി പ്രെറ്റിയെ നിലത്തേക്ക് വീഴ്ത്തുന്നു. മറ്റ് ഉദ്യോഗസ്ഥർ ചുറ്റും തടിച്ചുകൂടുന്നു.
പ്രെറ്റിക്ക് പരിക്കേറ്റതായും എന്നാൽ വൈദ്യസഹായം ലഭിച്ചില്ലെന്നും കുടുംബാംഗം പറഞ്ഞു. ഏജന്റുമാരോടുള്ള പ്രെറ്റിയുടെ രോഷത്തിന് കാരണമായത് എന്താണെന്ന് ഫൂട്ടേജുകളിൽ നിന്ന് വ്യക്തമല്ല.
മിനസോട്ട സ്റ്റാർ ട്രിബ്യൂണും ഇതേ സംഭവത്തിന്റെ ഒരു വിഡിയോ പ്രസിദ്ധീകരിച്ചു. അതിൽ ഉദ്യോഗസ്ഥർ പ്രെറ്റിയെ കൈകാര്യം ചെയ്യുന്നത് കാണിക്കുന്നു. അദ്ദേഹത്തെ ശക്തമായി നിലത്തേക്ക് തള്ളിയിട്ടുവെന്ന് സംഭാഷണം ചിത്രീകരിച്ച ദൃക്സാക്ഷിയായ മാക്സ് ഷാപ്പിറോ പറഞ്ഞു.
അന്നേ ദിവസം യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഇതേ സംഭവത്തിന്റെ മൂന്നാമത്തെ വിഡിയോയിൽ, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനെതിരെയുള്ള ആളിക്കത്തുന്ന രോഷത്തിന്റെ സൂചന നൽകുന്നു. കാറുകൾ ഹോൺ അടിക്കുന്നതും ഫെഡറൽ ഏജന്റുമാരുടെ സാന്നിധ്യം മറ്റുള്ളവരെ അറിയിക്കാൻ ആളുകൾ വിസിൽ മുഴക്കുന്നതും കേൾക്കാം.
കഴിഞ്ഞ ആഴ്ച ഒരു ഐ.സി.ഇ ഓഫിസർ റെനി ഗുഡ് എന്ന പ്രതിഷേധകനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപം തന്നെയാണ് പ്രെറ്റിയും മറ്റ് പ്രതിഷേധക്കാരും ഫെഡറൽ ഏജന്റുമാരെ നേരിട്ടത്.
സംഭവത്തിനിടെ, ഏജന്റുമാർ ജനക്കൂട്ടത്തിലേക്ക് കണ്ണീർവാതകവും കുരുമുളകും പ്രയോഗിച്ചതായി എല്ലാ വിഡിയോകളും കാണിക്കുന്നു. തങ്ങൾ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വക്താവിന്റെ മറുപടി.
തീവ്രപരിചരണ വിഭാഗം നഴ്‌സായ 37 വയസ്സുള്ള അലക്സ് പ്രെറ്റിയുടെ കൊലപാതകം മിനസോട്ട സംസ്ഥാനത്ത് പുതിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. യു.എസിലുടനീളം പൊതുജന പ്രതിഷേധം അലയടിച്ചു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ സെക്രട്ടറിയെ നീക്കം ചെയ്യാൻ ഇരു പാർട്ടികളിലെയും നിയമനിർമാതാക്കളിൽ നിന്ന് ആഹ്വാനം ഉയർന്നു. കോൺഗ്രസിന് അയച്ച പ്രാഥമിക ഡി.എച്ച്.എസ് റിപ്പോർട്ട് അനുസരിച്ച്, സംഘർഷത്തിനിടെ രണ്ട് ഉദ്യോഗസ്ഥർ പ്രെറ്റിക്ക് നേരെ വെടിയുതിർത്തുവെന്നാണ്.
അതിനിടെ, പ്രെറ്റിയുടെ കൊലയിൽ പ്രതിഷേധം കനത്തതോടെ കേസിൽ ഉൾപ്പെട്ട രണ്ട് ഏജന്റുമാരെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. ഏജന്റുമാരെ എപ്പോൾ അവധിയിൽ പ്രവേശിപ്പിച്ചു എന്നോ എത്ര കാലം അവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നോ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.