വാഷിങ്ടൺ: യു.എസ് സർക്കാറിന്‍റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സൂക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട സൈബർ ഡിഫൻസ് ഏജൻസിയുടെ തലവൻ ഇതേ വിവരങ്ങൾ ചാറ്റ് ജി.പി.ടിയിൽ അപ്‌ലോഡ് ചെയ്തു. സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സി.ഐ.എസ്.എ)യുടെ ഇടക്കാല തലവനും ഇന്ത്യൻ വംശജനുമായ മധു ഗോട്ടുമുക്കലയാണ് രഹസ്യ സ്വഭാവമുള്ള ഫയലുകൾ എല്ലാവർക്കും ലഭ്യമാകുന്ന ചാറ്റ് ജി.പി.ടിയുടെ പബ്ലിക് വേർഷനിൽ അപ്‌ലോഡ് ചെയ്തത്.
മധു ഗോട്ടുമുക്കലയുടെ പ്രവൃത്തി ഫെഡറൽ നെറ്റ്‌വർക്കുകളിൽ നിന്ന് സർക്കാർ വിവരങ്ങൾ മോഷ്ടിക്കപ്പെടുകയോ മനഃപൂർവമല്ലാത്ത രീതിയിൽ വെളിപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ഉദ്ദേശിച്ചുള്ള ഒന്നിലധികം ഓട്ടോമേറ്റഡ് സുരക്ഷാ മുന്നറിയിപ്പുകൾക്ക് കാരണമായതായി പൊളിറ്റിക്കോയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ ഏജൻസിയിൽ നിയമിതനായ മധു ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നതിന് സി.ഐ.എസ്. എയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസറുടെ പ്രത്യേക അനുമതി വാങ്ങിയതായി റിപ്പോർട്ടുണ്ട്.
ചാറ്റ് ജി.പി.ടി യുടെ പൊതു പതിപ്പിലേക്ക് അപ്‌ലോഡ് ചെയ്ത എല്ലാ വിവരങ്ങളും ഉടമസ്ഥരായ ഓപൺ എ.ഐയുമായി പങ്കിടും. അതായത് ആപ്പിന്റെ മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ഉത്തരം നൽകാൻ ചാറ്റ് ജി.പി.ടി ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഓപൺ എ.ഐയുടെ ആപ്പിൽ ആകെ 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.
ആഭ്യന്തര സുരക്ഷാ വകുപ്പിലെ ജീവനക്കാർക്ക് ചാറ്റ് ജി.പി.ടി ഉപയോഗിക്കാൻ വിലക്കുണ്ട്. എന്നാൽ സി.ഐ.എസ്.എയെ നിർബന്ധിച്ച് വിലക്ക് മറികടന്ന മധു ഗോട്ടിമല അധികാരം ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗോട്ടുമുക്കല ചാറ്റ്ജി.പി.ടിയിലേക്ക് അപ്‌ലോഡ് ചെയ്ത ഫയലുകൾ ഏതൊക്കെയെന്ന് തരംതിരിച്ചിട്ടില്ലെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ഔദ്യോഗിക ഉപയോഗത്തിന് മാത്രം എന്ന് ലേബൽ ചെയ്തിട്ടുള്ള സി.ഐ.എസ്.എ കരാർ രേഖകൾ അവയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ പാടില്ലാത്ത സെൻസിറ്റീവ് വിവരങ്ങളാണിത്.
റിപ്പോർട്ട് അനുസരിച്ച്, സി.ഐ.എസ്.എയുടെ സൈബർ സുരക്ഷാ സെൻസറുകൾ ആഗസ്റ്റിൽ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് സർക്കാർ സുരക്ഷയ്ക്ക് എന്തെങ്കിലും അപകടമുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യാഗസ്ഥരെ പ്രേരിപ്പിച്ചത്. അവലോകന റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല.
റഷ്യ, ചൈന എന്നിവയുൾപ്പെടെയുള്ള എതിരാളികളായ രാജ്യങ്ങളിൽ നിന്നുള്ള ഹാക്കർമാരിൽ നിന്ന് സർക്കാർ നെറ്റ്‌വർക്കുകൾ സുരക്ഷിതമാക്കാൻ ചുമതലപ്പെടുത്തിയ ഫെഡറൽ ഏജൻസിയായ സി.ഐ.എസ്.എയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇന്ത്യൻ വംശജനായ മധു ഗോട്ടുമുക്കല.
വിവരസാങ്കേതികവിദ്യയിൽ (ഐ.ടി) 24 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം ഡക്കോട്ട സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റങ്ങളിൽ പി.എച്ച്ഡിയും ഡാളസ് യൂനിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി മാനേജ്മെന്റിൽ എം.ബി.എയും, ആർലിംഗ്ടണിലെ ടെക്സസ് യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.എസ്സും, ആന്ധ്ര യൂനിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി.ഇയും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.