യുനൈറ്റഡ് നാഷൻസ്: ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണമായ ഓപറേഷൻ മിഡ്നൈറ്റ് ഹാമറിനെ ഐക്യരാഷ്ട്ര സഭയിൽ ന്യായീകരിച്ച് അമേരിക്ക. ഞായറാഴ്ചയാണ് ഇറാൻ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ യു.എസ് ആക്രമിച്ചത്.
മിഡിൽ ഈസ്റ്റിൽ ഉടനടി നിരുപാധികമായ വെടിനിർത്തൽ ആവശ്യപ്പെടുന്ന 15 അംഗ സമിതി പ്രമേയം പാസാക്കാൻ റഷ്യ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങൾ നിർദേശിച്ചതിനെത്തുടർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ ഞായറാഴ്ച യോഗം ചേരുകയായിരുന്നു. അമേരിക്കന്‍ ആക്രമണത്തിനെതിരെ യു.എന്നില്‍ റഷ്യയും ചൈനയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങൾ രംഗത്തുവന്നു. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതാണ് യു.എസിന്‍റെ നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്. അമേരിക്ക യുദ്ധത്തിൽ നേരിട്ട് ഇടപെട്ടതിനെ റഷ്യയും വിമർശിച്ചു.
‘ബലപ്രയോഗത്തിലൂടെ മധ്യപൂർവദേശത്ത് സമാധാനം കൈവരിക്കാനാവില്ല’, ചൈനയുടെ യു.എൻ അംബാസഡർ ഫു കോങ് പറഞ്ഞു. ‘ഇറാൻ ആണവ പ്രശ്നം പരിഹരിക്കുന്നതിനുള്ള നയതന്ത്ര മാർഗങ്ങൾ തീർന്നിട്ടില്ല, സമാധാനപരമായ ഒരു പരിഹാരത്തിനായി ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും’ അദ്ദേഹം പറഞ്ഞു. ‘ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണം അപകടകരമായ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നു’ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യയും ചൈനയും പാകിസ്താനും ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹാൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് അന്താരാഷ്ട്ര ആണവോർജ സമിതി പറയുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യു.എൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐ.എ.ഇ.എ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.