‘തെഹ്റാൻ ടൈംസി’ന്റെ മുഖപേജ്
തെഹ്റാൻ: യു.എസ് സൈന്യത്തിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മിനാബ് സ്കൂളിലെ കുരുന്നുകളുടെ മുഖങ്ങൾ ഒന്നാംപേജിൽ നിരത്തി പ്രമുഖ ഇറാൻ ദിനപത്രമായ തെഹ്റാൻ ടൈംസ്. ‘ട്രംപ്, നോക്കൂ അവരുടെ കണ്ണുകളിലേക്ക്’ എന്ന പ്രധാന തലക്കെട്ടോടു കൂടിയാണ് ഫോട്ടോകൾ വിന്യസിച്ചത്. സ്കൂളിലെ സ്ഫോടനത്തിന് ഇറാനാണ് ഉത്തരവാദിയെന്ന യു.എസ് പ്രസിഡന്റിന്റെ വാദത്തിനുള്ള മറുപടി കൂടിയാണിത്. ഏറെ ദുഃഖഭരിതമായ മുഖപേജ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ആക്രമണത്തെ സൈബറിടത്തിൽ ശക്തമായി അപലപിക്കുന്ന സാഹചര്യവും സൃഷ്ടിച്ചു.
ഇറാനിൽ നടക്കുന്ന സൈനികാധിനിവേശവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രതികരണങ്ങൾ തെറ്റായ അവകാശവാദങ്ങളും, ക്രൂരതകളുടെ ഉത്തരവാദിത്തത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലും, നയതന്ത്ര പരിഹാരങ്ങളുടെ ധിക്കാരപൂർണമായ തിരസ്കാരവുമാണെന്ന് ഇതിനോട് അനുബന്ധമായ എഡിറ്റോറിയലിൽ പത്രം കുറ്റപ്പെടുത്തുന്നു. ഫെബ്രുവരി 28ന് ഇറാനിലെ തെക്കൻ നഗരമായ മിനാബിലെ പ്രാഥമിക വിദ്യാലയത്തിൽ നടന്ന മാരകമായ ആക്രമണത്തിൽ കുറഞ്ഞത് 150 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഇറാനിയൻ അധികൃതർ പുറത്തുവിട്ടത്.
എന്നാൽ, ഇറാൻ തന്നെയാണ് ആക്രമണത്തിന്റെ ഉത്തരവാദി എന്ന് ട്രംപ് ശനിയാഴ്ച അവകാശവാദമുന്നയിച്ചിരുന്നു. ‘ഇറാൻ തന്നെയാണ് ഇത് ചെയ്തതെന്ന് തങ്ങൾ കരുതുന്നുവെന്നും അവരുടെ ആയുധങ്ങൾ തന്നെ പ്രയോഗിക്കപ്പെട്ടുവെന്നും ഒരു കൃത്യതയുമില്ലാത്തവരാണ് അവരെന്നു’മായിരുന്നു മാധ്യമപ്രവർത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് കൊല്ലപ്പെട്ട ഓരോ കുട്ടിയുടെയും ഫോട്ടോ സഹിതം ട്രംപിനെ പേരെടുത്തുവിളിച്ച് തെഹ്റാൻ ടൈംസ് തിരിച്ചടിച്ചത്. അമേരിക്കൻ മാധ്യമമായ ‘ന്യൂയോർക് ടൈംസ്’ തങ്ങളുടെ അന്വേഷണത്തിൽ, യു.എസ് സൈന്യമാണ് ആക്രമണത്തിന്റെ ഉത്തരവാദികളെന്ന് നിഗമനം ചെയ്തതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ.
അതിനിടെ, അമേരിക്ക ഉപയോഗിക്കുന്ന തരം ‘ടോമാഹോക്ക്’ ക്രൂയിസ് മിസൈൽ ആണ് ഇവിടെ പതിച്ചതെന്ന് ഡച്ച് വസ്തുതാ പരിശോധന സംഘടനയായ ‘ബെല്ലിങ് കാറ്റ്’ പുറത്തുവിട്ടു. ഇത് ട്രംപിന്റെ അവകാശ വാദത്തിന് വിരുദ്ധമാണെന്നും സ്കൂൾ ആക്രമിക്കപ്പെട്ട ദിവസമെടുത്ത മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പങ്കുവെച്ചുകൊണ്ട് അവർ പറഞ്ഞു. ടോമാഹോക്ക് മിസൈലുകളുള്ളത് അമേരിക്കയുടെ പക്കൽ മാത്രമാണെന്നും ഇസ്രായേലിന്റെ കൈയിൽ അവ ഉള്ളതായി അറിയില്ലെന്നും ‘ബെല്ലിങ് കാറ്റ്’ ഗവേഷകനായ ട്രെവർ ബോൾ പറയുന്നു. ഈ പ്രദേശത്ത് അമേരിക്ക ആക്രമണം നടത്തിയതായി ആദ്യമായി തെളിയിക്കുന്ന ദൃശ്യങ്ങളാണിതെന്നും സംഭവത്തിന് ഇറാനാണ് ഉത്തരവാദിയെന്ന പ്രസിഡന്റ് ട്രംപിന്റെ വാദത്തിന് വിരുദ്ധമാണ് ഇതെന്നും ബോൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.