സയ്യിദ് മുഹമ്മദ് നഖീബ് അൽ അത്താസ്

സയ്യിദ് മുഹമ്മദ് നഖീബുൽ അത്താസ് അന്തരിച്ചു

ക്വലാലംപൂർ: പ്രമുഖ ഇസ്‍ലാമിക തത്ത്വചിന്തകനും പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് മുഹമ്മദ് നഖീബ് അൽ അത്താസ് (95) അന്തരിച്ചു. പാരമ്പര്യ ഇസ്‍ലാമിക വിജ്ഞാന ശാഖകളിലും തത്ത്വചിന്ത, ചരിത്രം, സാഹിത്യം തുടങ്ങിയവയിലും അവഗാഹം നേടിയ ഇദ്ദേഹം വിജ്ഞാനത്തിന്റെ ഇസ്‍ലാമീകരണമെന്ന ആശയം പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ്. ഇദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകൾ മാനിച്ച് മലേഷ്യൻ സർക്കാർ 2024ൽ റോയൽ പ്രഫസർ പദവി നൽകി ആദരിച്ചിരുന്നു. ഇസ്‍ലാമിക നാഗരികത, സൂഫിസം, പ്രപഞ്ച ഘടനാ ശാസ്ത്രം, തത്ത്വജ്ഞാനം, മലായ് സാഹിത്യം തുടങ്ങിയ വിഷയങ്ങളിലായി 27 കൃതികൾ രചിച്ചിട്ടുണ്ട്.

1931ൽ ഇന്തോനേഷ്യയിലെ ബോഗോറിൽ ജനിച്ച നഖീബുൽ അത്താസ് നാട്ടിലെ പഠനത്തിനുശേഷം മലായ് സൈനിക റെജിമെന്റിൽ കാഡറ്റ് ഓഫിസറായി. പിന്നീട് ഇംഗ്ലണ്ടിലെ റോയൽ മിലിറ്ററി അക്കാദമിയിൽ ഉപരിപഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സൈന്യത്തിൽ നിന്ന് രാജിവെച്ച് 1957 മുതൽ 1959 വരെ സിംഗപ്പൂരിലെ മലായ സർവകലാശാലയിൽ പഠനം നടത്തി. കാനഡയിലെ മാക് റിയൽ സർവകലാശാല, ലണ്ടൻ സർവകലാശാല എന്നിവിടങ്ങളിലും ഉപരിപഠനം നടത്തി. 1965ൽ മലേഷ്യയിൽ തിരിച്ചെത്തിയ അദ്ദേഹം ക്വലാലംപൂരിലെ മലായ വാഴ്സിറ്റിയിൽ സാഹിത്യ വിഭാഗം മേധാവിയായി. പിന്നീട് ന്യൂ നാഷനൽ യൂനിവേഴ്സിറ്റിയിൽ മലായ് സാഹിത്യ വിഭാഗം മേധാവി ആവുകയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലായ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾചർ സ്ഥാപിക്കുകയും ചെയ്തു.

1987ൽ ക്വലാലംപൂരിൽ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‍ലാമിക് തോട്ട് ആൻഡ് സിവിലൈസേഷൻ സ്ഥാപിച്ചു. മലേഷ്യൻ ഇസ്‍ലാമിസ് യൂത്ത് മൂവ്മെന്റ് സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു.

ഇസ്‍ലാം ആൻഡ് സെക്യുലറിസം, ദ കൺസെപ്റ്റ് ഓഫ് എജുക്കേഷൻ ഇൻ ഇസ്‍ലാം, മീനിങ് ആൻഡ് എക്സ്പീരിയൻസ് ഓഫ് ഹാപ്പിനസ് ഇൻ ഇസ്‍ലാം, ഹിസ്റ്റോറിക്കൽ ഫാക്ട്സ് ആൻഡ് ഫിക്ഷൻ തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ പെടുന്നു.

ലത്തീഫ അബ്ദുല്ലയാണ് ഭാര്യ. മക്കൾ: ശരീഫ ഫായിസ അൽ അത്താസ്, സയ്യിദ് അലി തൗഫീഖ് അൽ അത്താസ്, ശരീഫ ശിഫ അൽ അത്താസ്, സയ്യിദ് ഹൈദർ അൽ അത്താസ്.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, ഉന്നത വിദ്യാഭ്യാസ മന്ത്രി സബ് രി അബ്ദുൽ ഖാദിർ, മതകാര്യ മന്ത്രി ദുൽ കിഫ്‍ലി ഹസൻ തുടങ്ങിയവർ നഖീബുൽ അത്താസിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 

Tags:    
News Summary - Syed Muhammad Naqibul Attas passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.