ബൈജു രവീന്ദ്രൻ 1.07 ബില്യൺ ഡോളർ നൽകണമെന്ന് യു.എസ് പാപ്പരത്ത കോടതി. നിരന്തരമായി രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് ഡെൽവെയർ പാപ്പരത്ത കോടതി ജഡ്ജി ബ്രെണ്ടൻ ഷാനോൺ പറഞ്ഞു. രേഖകൾ സമർപ്പിക്കുന്നതിൽ ബൈജു രവീന്ദ്രൻ നിരന്തരമായി പരാജയപ്പെട്ടതോടെയാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
2021ലാണ് ബൈജു ആൽഫ എന്ന പേരിൽ ബൈജു രവീന്ദ്രൻ യു.എസിൽ എസ്.പി.വി സ്ഥാപിക്കുന്നത്. 1.2 ബില്യൺ ഡോളർ വായ്പ എടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തുടർന്ന് 2022ൽ ബൈജു ആൽഫ കമ്പനി ഏകദേശം 533 മില്യൺ ഡോളർ അനധികൃതമായി കൈമാറിയെന്ന് കണ്ടെത്തുകയും ഈ ഇടപാടിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് ബൈജു രവീന്ദ്രന് കുരുക്കായത്.
അതേസമയം, പാപ്പരത്ത നടപടി നേരിടുന്ന ബൈജുവിനെ ഏറ്റെടുക്കാൻ ഒരു കമ്പനി നേരത്തെ മുന്നോട്ട് വന്നിരുന്നു. രഞ്ജൻ പൈയുടെ മണിപ്പാൽ എജുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംജി) ആണ് ബൈജുവിന്റെ കമ്പനിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ മുഴുവൻ ആസ്തികളും സ്വന്തമാക്കാനാണ് രഞ്ജൻ പൈ ഒരുങ്ങുന്നത്.
മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുൽനാഥും ചേർന്ന് 2011-ൽ ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച ബൈജൂസിന്റെ മൂല്യം 2022-ൽ 2,200 കോടി ഡോളർ (അന്നത്തെ വിപണിമൂല്യം അനുസരിച്ച് ഏതാണ്ട് 1.83 ലക്ഷം കോടി രൂപ) വരെയായി ഉയർന്നിരുന്നു. എന്നാൽ, പിന്നീട് പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.