മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്, സി.ഐ.എ ഏജന്റ് ജോൺ കിരിയാകോ

പാക് ആണവായുധങ്ങൾ നിയന്ത്രിച്ചത് അമേരിക്ക; മുഷറഫിനെ യു.എസ് വിലക്കെടുത്തു -വെളിപ്പെടുത്തലുമായി മുൻ സി.ഐ.എ ഏജന്റ്

ന്യൂഡൽഹി: പാകിസ്താന്റെ ആണവായുധങ്ങൾ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സി.ഐ.​എ ഉദ്യോഗസ്ഥൻ.

ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരർക്ക് ലഭിക്കുമോയെന്ന ഭയപ്പാടിൽ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് ആണ്  ഇവയുടെ നിയന്ത്രണം അമേരിക്കക്ക് കൈമാറിയതെന്ന് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മുൻ ഉദ്യോഗസ്ഥൻ ജോൺ കിരിയാകോ വെളിപ്പെടുത്തി. എ.എൻ.ഐക്കു നൽകിയ അഭിമുഖത്തിൽ പർവേസ് മുഷറഫും അമേരിക്കയും തമ്മിലെ അടുത്ത സൗഹൃദവും സഹകരണവുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദശലക്ഷം ഡോളർ നൽകിയാണ് സൈനിക ഭരണാധികരായ പർവേസ് മുഷർറഫുമായി അമേരിക്ക സഹകരണം ഉറപ്പിച്ചത്. 2002 ല്‍ പാകിസ്താനില്‍ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നു. ഈ ആണവായുധങ്ങൾ അമേരിക്കക്ക് സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ മുഷറഫ് അനുവാദം നൽകി. പാകിസ്താൻ സർക്കാറുമായി ഞങ്ങളുടെ ബന്ധം ഏറെ ഊഷ്മളമായിരുന്നു. സ്വേച്ഛാധിപതികളായ രാഷ്ട്രത്തലവന്മാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് അമേരിക്കക്ക് എന്നും ഇഷ്ടം. പൊതുജനാഭിപ്രായത്തെക്കുറിച്ചോ, മാധ്യമങ്ങളെക്കുറിച്ചോ ഭയക്കേണ്ടതില്ല. അതിനാൽ, ഞങ്ങൾ അടിസ്ഥാനപരമായി മുഷറഫിനെ വിലയ്ക്ക് വാങ്ങി’ -15 വർഷത്തോളം സി.ഐ.എയുടെ ഭാഗമായി പ്രവർത്തിച്ച ജോൺ കിരിയാകോ പറഞ്ഞു.

കണക്കുകളില്ലാത്ത ദശലക്ഷംഡോളറുകളാണ് അമേരിക്ക പാകിസ്താന് കൈമാറിയത്. സൈനിക സഹായവും, വികസന പദ്ധതികൾക്കുള്ള സഹായവുമായി ഇത് കൈമാറി. മുഷറഫുമായി നിരവധി തവണ ഞങ്ങൾ കൂടികാഴ്ച നടത്താറുണ്ടായിരുന്നു. ആഴ്ചയിൽ തന്നെ പലവട്ടം. ഞങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അദ്ദേഹം ഞങ്ങളെ അനുവദിക്കുമായിരുന്നു’ -സി.ഐ.എ ഉദ്യോഗസ്ഥൻ തുറന്നു പറയുന്നു.

മുഷറഫിന് സൈന്യത്തെ സന്തോഷത്തോടെ നിർത്തുകയായിരുന്നു ആവശ്യം. അൽഖാഇദയെ അദ്ദേഹം ശ്ര​ദ്ധിച്ചേയില്ല. ഭീകരതയ്‌ക്കെതിരെ അമേരിക്കക്കാരുമായി സഹകരിക്കുന്നതായി നടിച്ച്, സൈന്യത്തെയും ഭീകരവാദികളെയും അയാൾ സന്തോഷിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ ഭീകരതക്കും പിന്തുണ നൽകി -അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ ആണ​വബോംബുകളുടെ ശിൽപി അബ്ദുൽഖാദിർ ഖാനെ വധിക്കാൻ അമേരിക്കക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സൗദി നേരിട്ട് ഇടപെട്ടതോടെ ഇത് ഉപേക്ഷിച്ചു.

2001ലെ പാർലമെന്റ് ​ആക്രമണത്തിനും, 2008ലെ മുംബൈ ഭീകരാക്രമണത്തിനും മറുപടിയായി ഇന്ത്യ ശക്തമായി തിരി​ച്ചടിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിച്ചതെന്നും കരിയാകോ പറഞ്ഞു. തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ടായിട്ടും ഇന്ത്യ സൂക്ഷിച്ച പക്വതയെ, ഇന്ത്യൻ നയതന്ത്ര ക്ഷമയെന്നാണ് സി.ഐ.​എ വിലയിരുത്തിയത്. തീർച്ചയായും ഇന്ത്യ തിരിച്ചടിക്കുമെന്നായിരുന്നു അമേരിക്കൻ കണക്കുകൂട്ടൽ -അദ്ദേഹം വെളിപ്പെടുത്തി.

Tags:    
News Summary - US controlled Pak’s nuclear arsenal -Former CIA agent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.