Photo: Abedin Taherkenareh/EPA
തെഹ്റാൻ/ദുബൈ: പശ്ചിമേഷ്യയെ ഒന്നാകെ ഭീതിയിലാഴ്ത്തി യു.എസ്-ഇറാൻ യുദ്ധം മുറുകുന്നു. അമേരിക്കക്ക് എതിരായ തിരിച്ചടിയുടെ ഭാഗമായി ജോർഡനിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ടു യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 16 ആയി. 430ലധികം സൈനികർക്ക് പരിക്കേറ്റു.
ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന തന്ത്രപ്രധാന ദർഖോവിൻ ആണവനിലയത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഇറാൻ ആണവോർജ ഏജൻസി സ്ഥിരീകരിച്ചു.
സൈനികരുടെ മരണം അതീവ ദുഃഖകരമെന്ന് പ്രതികരിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനെ ഒരു സാഹചര്യത്തിലും ആണവായുധം കൈവരിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു. ഇറാൻ റവല്യൂഷനറി ഗാർഡിനെ ലക്ഷ്യമിട്ട് യു.എസ് സൈന്യം വ്യോമാക്രമണം നടത്തി.
ഹുർമുസ് കടലിടുക്കിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധം ഇതോടെ കൂടുതൽ വഷളായി. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഒരാഴ്ചയായി നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് അമേരിക്കയുടെ പ്രതികാരം. ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം.
ഇറാന്റെ തെക്കൻ പ്രവിശ്യകളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനാണ് അമേരിക്കൻ വ്യോമസേന ശ്രമിക്കുന്നത്. ദക്ഷിണ ഇറാനിലെ പാലങ്ങൾ, റെയിൽപാതകൾ, തുരങ്കങ്ങൾ, റോഡുകൾ എന്നിവ യു.എസ് തകർത്തതോടെ സാധാരണക്കാരുടെ ജീവിതം സ്തംഭിച്ചു. ആശുപത്രികൾ ഒഴിപ്പിക്കുകയും സ്കൂൾ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.
ഇതിന് പ്രതികാരമായി കുവൈത്തിലെ വൈദ്യുതി, കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലും ഇറാൻ ആക്രമണമുണ്ടായി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാൻ തൊടുത്തുവിട്ട പല മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ബഹ്‌റൈൻ സൈന്യം അവകാശപ്പെട്ടു.
അതിനിടെ, ഹുർമുസിന്‍റെ നിയന്ത്രണം ഇറാൻ പൂർണമായി ഏറ്റെടുക്കുകയും കപ്പലുകൾ തടയുകയും ചെയ്തു. ഇന്ധന, പാചകവാതക കപ്പലുകൾ ഒമാൻ തീരത്തുകൂടിയുള്ള പാതക്ക് പകരം ഇറാന്റെ തീരത്തോട് ചേർന്ന പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും തങ്ങളുടെ മുൻകൂർ അനുമതി വാങ്ങാത്ത കപ്പലുകൾ ഇനിയും അപകടത്തിൽപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യു.എസ് ആക്രമണം തുടർന്നാൽ ‘മറക്കാനാകാത്ത പാഠങ്ങൾ’ പഠിപ്പിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.