യുനൈറ്റഡ് നേഷൻസ്: മസ്ജിദുൽ അഖ്സയിൽ തൽസ്ഥിതി തുടരണമെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി. ഇസ്രായേൽ സുരക്ഷമന്ത്രി ബെൻ ഗാവിർ മസ്ജിദ് സന്ദർശിച്ചത് വിവാദമായ സാഹചര്യത്തിലാണ് രക്ഷാസമിതി പ്രത്യേക യോഗം ചേർന്നത്. അതേസമയം, തീവ്ര വലതുപക്ഷ നേതാവായ മന്ത്രിയുടെ പ്രകോപനത്തിനെതിരെ എങ്ങും തൊടാതെയുള്ള പ്രസ്താവനക്കപ്പുറം എന്തെങ്കിലും നടപടി സ്വീകരിക്കാൻ സമിതി തയാറായില്ല. മക്കയും മദീനയും കഴിഞ്ഞാൽ മുസ്ലിംകളുടെ വിശുദ്ധസ്ഥലമാണ് ജറൂസലമിലെ മസ്ജിദുൽ അഖ്സ. ഇവിടെ മുസ്ലിംകൾക്ക് മാത്രമേ പ്രാർഥനക്ക് അനുമതിയുള്ളൂവെങ്കിലും പ്രദേശം നിയന്ത്രിക്കുന്നത് ജൂത സൈനികരാണ്.
ജൂതന്മാർക്ക് പ്രാർഥനക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്ന തീവ്ര ദേശീയ നേതാവാണ് മന്ത്രി ബെൻ ഗാവിർ. അക്രമത്തിന്റെയോ മറ്റു സംഭവവികാസങ്ങളുടെയോ പശ്ചാത്തലമില്ലാതെ അദ്ദേഹം മസ്ജിദിൽ കടന്നത് പ്രകോപനവും പതിറ്റാണ്ടുകളായുള്ള സ്ഥിതി അട്ടിമറിക്കാനുള്ള ശ്രമവുമായാണ് ആരോപിക്കപ്പെടുന്നത്. ഇസ്രായേൽ നടപടി അതിരുകടന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പ്രകോപനവുമാണെന്ന് പറഞ്ഞ യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ യു.എൻ രക്ഷാസമിതി ഇതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു.
ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഇസ്രായേൽ നടപടിയെന്ന് രാഷ്ട്ര പ്രതിനിധികൾ പറഞ്ഞു. ഇസ്രായേലുമായി നല്ല ബന്ധം പുലർത്തുന്ന അമേരിക്കയും ഈ നിലപാട് സ്വീകരിച്ചു. ഏകപക്ഷീയമായ എന്ത് നടപടികളും സംഘർഷാവസ്ഥ രൂക്ഷമാക്കുമെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുമെന്നും യു.എന്നിലെ അമേരിക്കൻ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. ഇസ്രായേലുമായി സമാധാന ഉടമ്പടിയുള്ള ഈജിപ്ത്, ജോർഡൻ, യു.എ.ഇ, സൗദി തുടങ്ങിയ രാജ്യങ്ങളും ഗാവിറിന്റെ കടന്നുകയറ്റത്തെ അപലപിച്ചു. ജോർഡൻ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തുർക്കി പ്രകോപനം എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ബെൻ ഗാവിറിന്റെ സന്ദർശനം തൽസ്ഥിതി മാറ്റാൻ ലക്ഷ്യംവെച്ചല്ലെന്നും അടിയന്തര യോഗം ചേർന്ന് രക്ഷാസമിതി വിഷയം ചർച്ചക്കെടുത്തതുതന്നെ അസംബന്ധമാണെന്നും ഇസ്രായേൽ പ്രതിനിധി ഗിലാൻഡ് ഇർദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.