മിനാബ് സ്കൂൾ ആക്രമണം മുതൽ പ്രതിഷേധവേട്ട വരെ; യുഎസ് ആക്രമണത്തിൽ യുദ്ധക്കുറ്റത്തിന് തെളിവുണ്ടെന്ന് യുഎൻ
തെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷത്തിനിടെ അമേരിക്ക യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയതായെന്നതിന് വിശ്വസനീയമായ കാരണങ്ങളുണ്ടെന്ന് യു.എൻ. മനുഷ്യാവകാശ കൗൺസിൽ നിയോഗിച്ച സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണസംഘം. അമേരിക്കയുടെ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം കുറഞ്ഞത് 178 സാധാരണക്കാർ കൊല്ലപ്പെട്ടതായും അന്വേഷണസംഘം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിനിടെ മിനാബിലെ ഷജാരെഹ് തയ്യെബെഹ് പ്രൈമറി സ്കൂളിന് നേരെയുണ്ടായ ആക്രമണമാണ് റിപ്പോർട്ടിൽ പ്രധാനമായും പരാമർശിക്കുന്നത്. വ്യക്തമായി തിരിച്ചറിയാവുന്ന സ്കൂളിന് നേരെ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിവേചനരഹിതമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ആക്രമണത്തിൽ 150ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഏകദേശം 120 പേർ പെൺകുട്ടികളും ആൺകുട്ടികളുമായിരുന്നു. ഇറാനിലെ സ്കൂളിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം അമേരിക്ക ആദ്യം നിഷേധിച്ചിരുന്നു. ഇറാനിൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിനെ ആരും മനഃപൂർവം ആക്രമിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നുമാണ് ജൂണിൽ ട്രംപ് അവകാശപ്പെട്ടത്. എന്നാൽ മിനാബിലെ കെട്ടിടം സ്കൂളാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയുമായിരുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പെന്റഗൺ അന്വേഷണം ശക്തമാക്കി. ഇതുവരെ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പുറത്തുവിട്ടിട്ടില്ല.
ലാമെർഡിൽ നടന്ന മറ്റൊരു വ്യോമാക്രമണവും അന്വേഷണസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായി തിരിച്ചറിയാവുന്ന കായിക സമുച്ചയത്തിനും സമീപത്തെ ജനവാസമേഖലയ്ക്കും നേരെ പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 22 സാധാരണക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. 2025 ഡിസംബറിൽ ആരംഭിച്ച ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ നടപടികളിലും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യു.എൻ. അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 31 പ്രവിശ്യകളിലും മനുഷ്യഹത്യ വലിയ തോതിൽ നടന്നതെന്ന് റിപ്പോർട്ട് പറയുന്നു. തെഹ്‌റാൻ, കരാജ്, മഷ്ഹദ്, ഇസ്ഫഹാൻ, റഷ്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.പ്രതിഷേധക്കാർക്കെതിരെ അസോൾട്ട് റൈഫിളുകൾ, കണ്ണീർവാതകം, ലോഹ പെല്ലറ്റുകൾ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തി. ഇവിടങ്ങളിൽ കുറഞ്ഞത് 221 കുട്ടികളും കൊല്ലപ്പെട്ടതായി അന്വേഷണസംഘം വ്യക്തമാക്കി.
പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ച ആശുപത്രികളിലും സുരക്ഷാസേന ആക്രമണം നടത്തിയതായി റിപ്പോർട്ടിലുണ്ട്. ഇവരെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ആരോഗ്യപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ ചികിത്സ തേടുന്നതിൽനിന്ന് പലരും പിന്മാറിയതായും റിപ്പോർട്ട് പറയുന്നു. മിനാബ് സ്കൂളിന് നേരെയുണ്ടായ യു.എസ്-ഇസ്രായേൽ ആക്രമണവും ഇറാനിലെ പ്രതിഷേധവേട്ടയും ഉൾപ്പെടെയുള്ള സംഭവങ്ങൾ വിലയിരുത്തിയ അന്വേഷണസംഘം, കൊലപാതകം, തടങ്കൽ, പീഡനം, മറ്റ് മനുഷ്യത്വരഹിത നടപടികൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ലംഘനങ്ങൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.