‘ഊർജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല’; അമേരിക്കയുടെ റഷ്യൻ ഉപരോധ ബിൽ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ
ന്യൂഡൽഹി: റഷ്യക്കും ഇറാനുമെതിരെയുള്ള കനത്ത ഉപരോധ ബിൽ യു.എസ് കോൺഗ്രസ് പാസാക്കിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും, വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സ്രോതസ്സുകളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്' യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പാസാക്കിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്ട്ര ഊർജ വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്ന് വാഷിങ്ടണിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആശങ്കകൾ കഴിഞ്ഞ മാസങ്ങളിൽത്തന്നെ വിവിധ യു.എസ് പ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ വ്യക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേലുള്ള സാമ്പത്തിക സമ്മർദം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എസ് പ്രതിനിധി സഭ പുതിയ ഉപരോധ-തീരുവ ബിൽ പാസാക്കിയത്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഈ നിയമം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 100 ശതമാനം വരെ കനത്ത തീരുവ ചുമത്താൻ അധികാരം നൽകുന്നതാണ്. ഇറാനെതിരെയുള്ള ഉപരോധങ്ങളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എസ് സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ച ഈ ബിൽ ഇനി ഔദ്യോഗിക നിയമമാകുന്നതിനായി പ്രസിഡന്റ് ട്രംപിന്റെ ഒപ്പിനായി അയക്കും.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ്. 2022-ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധങ്ങൾ നേരിടുന്ന റഷ്യക്ക് സാമ്പത്തികമായി വലിയ തോതിൽ തുണയാകുന്നത് ഈ എണ്ണ വ്യാപാരമാണ്.
അതേസമയം പുതിയ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആഭ്യന്തര വ്യാപാര-വ്യവസായ സംഘടനകളുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.