സി.ബി.എസ് പുറത്തുവിട്ട ചിത്രം
ഗൾഫിലെ യു.എസ് താവളങ്ങളിൽ വൻ നാശം; ഇറാൻ യുദ്ധ ചിത്രങ്ങൾ പുറത്തുവിട്ട് സി.ബി.എസ്
വാഷിങ്ടൺ: ഇറാന്റെ ആക്രമണങ്ങളിൽ ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായതിന്റെ തെളിവുകളായി ചിത്രങ്ങൾ പുറത്ത്. ഗൾഫ് രാജ്യങ്ങളിലെ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ യു.എസ് മാധ്യമമായ സി.ബി.എസിന് സൈനിക ഉദ്യോഗസ്ഥർ തന്നെ ചോർത്തി നൽകിയതാണ്. റഡാർ വിമാനം രണ്ടായി പിളർന്ന നിലയിലും സൈനിക ട്രെയിലറുകൾ തകർന്ന നിലയിലും കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ച നിലയിലുമാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ ചിത്രങ്ങളെടുത്ത തീയതിയും മറു വിവരങ്ങളും വ്യക്തമായിട്ടില്ല.
തകർന്നുകിടക്കുന്ന ബോയിങ് ഇ-3 സെൻട്രി വിമാനത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ വാൽഭാഗം പൂർണമായും തകർന്ന നിലയിലാണ്. മേഖലയിലെ ഭീഷണികൾ കണ്ടെത്താനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന മുന്നറിയിപ്പ് വിമാനമാണ് ഇ-3 സെൻട്രി. മറ്റൊരു സൈനിക ക്യാമ്പിൽ ട്രെയിലറുകളും വലിയ ടെന്റ് പോലുള്ള കെട്ടിടങ്ങളും തകർന്ന നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈനിക താവളത്തിലെ നാലുനില കെട്ടിടത്തിനും ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങൾ ഇതിലുൾപ്പെടും.
പെന്റഗൺ ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ട് പ്രകാരം, ഇറാന്റെ ആക്രമണങ്ങളിൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, സൗദി, ഇറാഖ്, ഒമാൻ, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങളും മറ്റ് ഘടനകളും നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഉപകരണങ്ങളുടെ നഷ്ടം ഏകദേശം 3.7 ബില്യൺ ഡോളർ വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജൂൺ 29 വരെ യുദ്ധത്തിനായി യു.എസ് ചെലവഴിച്ചത് 33.4 ബില്യൺ ഡോളർ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഡസൻ കണക്കിന് യു.എസ് വിമാനങ്ങൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകൾ കൂടിയാണ് നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ. ഇ-3 വിമാനത്തിന്റെ വില ഏകദേശം 500 മില്യൺ ഡോളർ വരുന്നതാണ്. വിമാനങ്ങൾ, ഡ്രോണുകൾ, ‘താഡ്’ പ്രതിരോധ സംവിധാനം എന്നിവ ഉൾപ്പെടെയുള്ള യുദ്ധത്തിലെ ഉപകരണനഷ്ടത്തിന്റെ കണക്ക് ഏകദേശം 1.9 ബില്യൺ ഡോളർ ആണെന്ന് പെന്റഗൺ വെളിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് ഇറാൻ ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും ഇസ്രയേലിനുമെതിരെ തുടർച്ചയായി ആക്രമണം നടത്തുകയായിരുന്നു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കണമെന്ന രാഷ്ട്രീയ സമ്മർദം യു.എസ് ഭരണകൂടത്തിന് മേൽ വർധിക്കുകയാണ്. ചൊവ്വാഴ്ച യു.എസ് പ്രതിനിധിസഭ മൂന്നാം തവണയും ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സൈനിക നടപടി തുടരാൻ കഴിയാത്ത തരത്തിലുള്ള വ്യവസ്ഥകളാണ് പ്രമേയത്തിലുള്ളത്.ചില റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. എന്നാൽ യു.എസ് സെനറ്റ് പ്രമേയം പരിഗണിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ഇതിനിടെ, ഇറാൻ യുദ്ധത്തിന്റെ ചെലവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തെ ഇംപീച്ച് ചെയ്യാനുള്ള ശ്രമം റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.