‘മക്ക സംരക്ഷിക്കാൻ കരാറിന്റെ ആവശ്യമില്ല’; സൗദിക്കെതിരായ ഹൂതി ആക്രമണത്തിൽ പാകിസ്താൻ

ഇസ്‌ലാമാബാദ്: മക്കക്ക് നേരെ ഹൂതി വിമതരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഡ്രോൺ ആക്രമണശ്രമത്തെ തുടർന്ന് നിലപാട് കടുപ്പിച്ച് പാകിസ്താൻ. സൗദി അറേബ്യയെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക കരാറുകളുടെ ആവശ്യമില്ലെന്നും, മക്കയെ സംരക്ഷിക്കുക എന്നത് തങ്ങളുടെ മതപരമായ കടമയാണെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.

സൗദി അറേബ്യക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കിയ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാർ' ഉടൻ നടപ്പിലാക്കുമെന്നും ഖ്വാജ ആസിഫ് ആവർത്തിച്ചു. യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും വർധിച്ചുവരുന്ന ഗൾഫ് പ്രതിസന്ധികളും സൗദി സുരക്ഷക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന.

സഖ്യത്തിലെ അംഗരാജ്യങ്ങളിൽ ഒന്നിന്റെ അതിർത്തികൾക്കോ അഖണ്ഡതക്കോ എതിരായി ഉണ്ടാകുന്ന ഏത് ആക്രമണവും മറ്റ് രണ്ട് രാജ്യങ്ങൾക്കും ബാധകമാകുന്ന ശക്തമായ വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ഖ്വാജ ആസിഫ് വ്യക്തമാക്കി. കൂട്ടായ പ്രതിരോധത്തിനായി മൂന്ന് രാജ്യങ്ങളും ഒന്നിച്ച് അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ വിശുദ്ധ സ്ഥലങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മദീനയും മക്കയും സംരക്ഷിക്കുന്നത് പാകിസ്താനെ സംബന്ധിച്ച് മതപരമായ കടമ കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 7-നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഒന്നിനെതിരെ ഉണ്ടാകുന്ന സായുധ ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ കൂട്ടായ പ്രതിരോധ കരാർ വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ മൂന്ന് രാജ്യങ്ങളുടെയും സംയുക്ത സൈന്യത്തിൽ ഏകദേശം 1.4 ദശലക്ഷം സജീവ ഭടന്മാരും ആയിരക്കണക്കിന് യുദ്ധോപകരണങ്ങളുമാണുള്ളത്. 

മക്കക്ക് തെക്ക് ഭാഗത്തായി വ്യോമ പ്രതിരോധ സംവിധാനം ഹൂതികളുടെ ഡ്രോൺ തകർത്തെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. എന്നാൽ തങ്ങൾ മക്കയെയോ മറ്റ് വിശുദ്ധ സ്ഥലങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഹൂതികളുടെ വിശദീകരണം.

Tags:    
News Summary - Mecca Pact Will Be Activated If Saudi Arabia Faces Aggression: Pakistan Defence Minister Khawaja Asif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.