റാപ്പർ മാക്ലെമോർ
ടൂർ വരുമാനം മുഴുവൻ ഫലസ്തീന് നൽകുമെന്ന് മാക്ലെമോർ; 'എന്നും ഫലസ്തീനൊപ്പം'
ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് യു.എസ് ലൂപ് ടൂറിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി റാപ്പർ മാക്ലെമോർ. ടൂറിൽ നിന്ന് ലഭിച്ച മുഴുവൻ വരുമാനമായ 10 ലക്ഷം ഡോളർ ഫലസ്തീൻ ജനതയെ നേരിട്ട് സഹായിക്കുന്ന ആറ് സംഘടനകൾക്ക് സംഭാവന ചെയ്യുമെന്ന് മാക്ലെമോർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന സംഭവങ്ങൾക്കിടയിൽ സംഭാഷണം ഫലസ്തീൻ ജനതയിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി മാക്ലെമോർ പറഞ്ഞു.
ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന, സൈനിക അധിനിവേശത്തിന് കീഴിൽ ജീവിക്കുന്ന, സ്വാതന്ത്ര്യത്തിനായി പോരാടുന്ന ജനതയാണ് ഫലസ്തീനികളെന്നും അദ്ദേഹം കുറിച്ചു. തന്റെ സംഭാവനയോട് ഒപ്പമെത്താൻ റോബർട്ട് ക്രാഫ്റ്റിനെയും മാക്ലെമോർ ക്ഷണിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം ഫലസ്തീനികളുടെ ജീവൻ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, മറ്റേതൊരു ജീവനേക്കാളും ഫലസ്തീനിയുടെ ജീവന് വില കുറവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് തന്നെക്കുറിച്ചോ ടൂറിനെക്കുറിച്ചോ വാർത്താ തലക്കെട്ടുകളെക്കുറിച്ചോ അല്ലെന്നും, സ്വന്തം മാതൃരാജ്യത്ത് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെക്കുറിച്ചാണെന്നും മാക്ലെമോർ പറഞ്ഞു. അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലുമില്ലാത്ത ആശുപത്രികളിലേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് ഓടുന്ന മാതാപിതാക്കൾ, ജീവൻ പണയപ്പെടുത്തി സേവനം തുടരുന്ന ഡോക്ടർമാർ, പാരാമെഡിക്കുകൾ, മാധ്യമപ്രവർത്തകർ, സഹായപ്രവർത്തകർ, ഫലസ്തീനൊപ്പം നിന്നതിന് വലിയ വില നൽകിയ സംഘാടകർ എന്നിവരോടുള്ള ഐക്യദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ 15 വയസ്സുകാരൻ മുഹമ്മദ് അൽ സിനാതിയും സഹായപ്രവർത്തകൻ ഷെരീഫ് ലുബ്ബാദും കൊല്ലപ്പെട്ട സംഭവവും മാക്ലെമോർ ചൂണ്ടിക്കാട്ടി. സഹായം മാത്രം കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും, മനുഷ്യനിർമിതമായ ഈ അനീതിക്ക് അടിയന്തര രാഷ്ട്രീയ മാറ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീൻ ജനതക്കും അവരുടെ വിമോചന പോരാട്ടത്തിനുമൊപ്പം തുടർന്നും നിലകൊള്ളുമെന്നും, വാർത്താ ചക്രം മുന്നോട്ട് നീങ്ങുമ്പോൾ അതിനോടൊപ്പം നീങ്ങരുതെന്നും പറഞ്ഞുകൊണ്ട് 'ഫ്രീ ഫലസ്തീൻ' എന്ന മുദ്രാവാക്യത്തോടെയാണ് മാക്ലെമോർ കുറിപ്പ് അവസാനിപ്പിച്ചത്.
നേരത്തെ, മാക്ലെമോറിനെ ടൂറിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പോപ് താരം എഡ് ഷീരൻ വിശദീകരണവുമായി എത്തിയിരുന്നു. തീരുമാനം തന്റേതല്ല, ടൂർ പ്രമോട്ടറുടേതാണെന്ന് ആറ് സ്ലൈഡുകളുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഷീരൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.