സൈന്യത്തെ അപകീർത്തിപ്പെടുത്തിയാൽ പൗരത്വം നഷ്ടപ്പെടും; 'നാസ' ഡോക്യുമെന്ററി വിവാദത്തിൽ പുതിയ ബില്ലുകളുമായി നെതന്യാഹു

ജറൂസലേം: ഇസ്രായേൽ സൈന്യത്തെ വിദേശത്ത് വെച്ച് അപകീർത്തിപ്പെടുത്തുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സ വംശഹത്യ തുറന്നുകാട്ടിയ ഇസ്രായേലി ഡോക്യുമെന്ററി ‘നാസ’യെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് പുതിയ നീക്കം. ഇതിനായി രണ്ട് പുതിയ ബില്ലുകൾ കൊണ്ടുവരുമെന്ന് നെതന്യാഹു വ്യക്തമാക്കി.

 സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നവരുടെ പൗരത്വം എടുത്തുകളയുന്നതാണ് ഒന്നാമത്തെ ബില്ലെന്നും, മാനനഷ്ടക്കേസുകളിൽ കുറ്റക്കാരായി കാണുന്നവരിൽ നിന്ന് വൻതുക പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബില്ലെന്നും നെതന്യാഹു വിഡിയോ സന്ദേശത്തിൽ അറിയിച്ചു.

നാസ ഡോക്യുമെന്ററിയുടെ സംവിധായകരായ യുവൽ അബ്രഹാം, റേച്ചൽ സോർ, ഡെമോക്രാറ്റ്സ് പാർട്ടി മേധാവി യായർ ഗോളൻ, മുൻ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ യിഫാത് തോമർ-യേരുഷൽമി എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇത്തരം വ്യക്തികൾക്ക് ഇസ്രായേലിൽ സ്ഥാനമില്ല എന്ന് വ്യക്തമാക്കിയ നെതന്യാഹു, എല്ലാ സയണിസ്റ്റ് പാർട്ടികളും ഈ നിയമനിർമാണത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ഡോക്യുമെന്ററിയാണ് ‘നാസ’. ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയാറാക്കിയ കൂട്ടക്കൊലകൾ നടത്തുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ 80 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി. ഇസ്രായേലിന്റെ 24 സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ചിത്രത്തിലുണ്ട്. 

ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തെ സൂചിപ്പിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന 'നാസ' എന്ന ചുരുക്കപ്പേരാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് വർഷത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് യുവൽ അബ്രഹാം, റേച്ചൽ സോർ എന്നിവർ ചേർന്ന് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ ഉൾപ്പെടെയുള്ള വീടുകൾ തകർക്കുന്നത് ബോധപൂർവ്വമായ നടപടിയാണെന്ന് ചിത്രത്തിലെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ചിത്രത്തിലെ വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ചിത്രം, സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വ്യാജ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആരോപിച്ച് ഐ.ഡി.എഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഐയാൽ സമിർ സംവിധായകർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ഇസ്രായേലിൽ സിനിമയുടെ ഉള്ളടക്കത്തെയും പ്രമേയത്തെയും ശക്തമായി പ്രതിരോധിച്ചും വിമർശിച്ചും കടുത്ത ഭിന്നതകളാണ് ഉടലെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച സംസ്കാര മന്ത്രി മിഖി സോഹർ, അവരുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സംവിധായിക റേച്ചൽ സോറിന്റെ മാതാപിതാക്കളുടെ വീടിന് മുന്നിൽ ഡസൻ കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

അതേസമയം, ഭരണകൂടത്തിന്റെ ഇത്തരം അതിരുകടന്ന പ്രതികരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് വിനയാകുന്നുണ്ടെന്ന് നയതന്ത്രജ്ഞരും ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ ലാഭത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയം ആളിക്കത്തിക്കുകയാണെന്നാണ് നയതന്ത്ര കോണുകളിൽ നിന്നുള്ള വിമർശനം. 

Tags:    
News Summary - PM pledges bill to strip citizenship from those who smear IDF abroad amid ‘NAZA’ outcry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.