ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം സൗദി അരാംകോ നിർത്തിവെച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകുന്നത് വരെ ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം സൗദി അരാംകോ നിർത്തിവെച്ചതായി റിപ്പോർട്ട്. സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 9 ശതമാനത്തോളം സൗദി അരാംകോയിൽ നിന്നായിരുന്നു. ക്രൂഡ് ഓയിലിന്റെ ഉയർന്ന വില, ചരക്കുകൂലി വർധവന്, വിതരണ ശൃംഖലയിലെ തടസങ്ങൾ എന്നിവ കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികൾക്ക് ഇത് കൂടുതൽ തിരിച്ചടിയാകും.

ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അടച്ചുപൂട്ടിയത് തീരുമാനത്തിനു പിന്നിലെ ഒരു കാരണം. ഹുർമുസ് കടലിടുക്കിലെ തടസങ്ങൾ നിലനിൽക്കെ പടിഞ്ഞാറൻ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാനുള്ള സൗദിയുടെ ശേഷിയെ ഇത് ബാധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 105 ഡോളറിന് മുകളിൽ തുടരുന്നതും മറ്റൊരു കാരണമാണ്.

പകരക്കാരെ കണ്ടെത്തൽ ചെലവേറും

സൗദിക്ക് പകരം മറ്റ് വിതരണക്കാരിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാമെങ്കിലും ആഗോളതലത്തിൽ വില ഉയർന്ന നിലയിലായതിനാൽ ഇത് കൂടുതൽ ചെലവേറും. കപ്പൽ ചരക്കുകൂലിയിലുണ്ടായ വർധനവും എണ്ണ സംഭരണച്ചെലവ് കൂട്ടും. കൂടാതെ, റഷ്യൻ ക്രൂഡ് ഓയിലിന് ലഭിച്ചിരുന്ന വിലക്കിഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്തതും പകരക്കാരെ കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.

സൗദി അരാംകോ തങ്ങളുടെ ക്രൂഡ് ഓയിൽ വിപണിയിൽ നിന്ന് പൂർണ്ണമായി പിൻവലിച്ചിട്ടില്ല. ട്രേഡർമാർക്കായി സ്പോട്ട് മാർക്കറ്റിൽ എണ്ണ വിൽക്കുന്നത് തുടരുന്നുണ്ട്. ഇതിൽ ചിലത് ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യൻ റിഫൈനറികളിലേക്ക് എത്താൻ സാധ്യത ഉണ്ടെങ്കിലും സാധാരണ കരാറുകൾ നൽകുന്ന വിലക്കുറവോ വിതരണ ഉറപ്പോ ഇതിൽ ലഭിക്കില്ല.

ഇന്ധന ആവശ്യങ്ങൾക്കായി ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യൻ റിഫൈനറികൾക്ക് ഈ തടസം കടുത്ത വെല്ലുവിളിയാണ്. ക്രൂഡ് ഓയിൽ സംഭരണച്ചെലവ് ഉയരുന്നത് റിഫൈനറികളുടെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിക്കും. പ്രതിസന്ധി നീണ്ടുനിന്നാൽ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി ചെലവ് കുത്തനെ ഉയരാൻ സാധ്യതയുണ്ട്. എണ്ണയുടെ ആകെ ചെലവ് വലിയ തോതിൽ വർധിക്കാതെ മറ്റ് ഉറവിടങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ കണ്ടെത്തുക എന്നതിനായിരിക്കും ഇന്ത്യൻ റിഫൈനറികൾ ഇനി മുൻഗണന നൽകുക.

Tags:    
News Summary - Saudi Aramco halts crude oil supply to Indian refineries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.