വാഷിങ്ടൺ: ഇറാനെ ആക്രമിച്ച യു.എസ് നടപടി അപകടകരമായ ഒന്നാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. മിഡിൽ ഈസ്റ്റിലെ സംഘർഷം നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോക സമാധാനത്തിന് ഭീഷണിയാവുന്ന രീതിയിൽ മിഡിൽ ഈസ്റ്റ് സംഘർഷം മാറാൻ ആക്രമണം കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പോരാട്ടം നിയന്ത്രണാതീതമാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അത് മേഖലക്കും അവിടത്തെ ജനങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കും. സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ യു.എൻ ചാർട്ടറും മറ്റ് അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
കൂടുതൽ ആക്രമണങ്ങളിൽ നിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണം. സൈനിക നടപടിയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. നയതന്ത്രതലത്തിൽ ചർച്ചകളിലൂടെ വേണം പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ. അത് മാത്രമാണ് ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.
ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.