യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ 'സെർവന്റ് ഓഫ് ദി പീപ്പിൾ' നെറ്റ്ഫ്ലിക്സിൽ തിരിച്ചെത്തുന്നു

വാഷിങ്ടൺ: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ 'സെർവന്റ് ഓഫ് ദി പീപ്പിൾ' എന്ന പരമ്പര യു.എസിലെ നെറ്റ്ഫ്ലിക്സിൽ വീണ്ടും സ്ട്രീമിങ്ങിന് എത്തുന്നു. നേരത്തെ നെറ്റ്ഫ്ലിക്സിൽ ഈ ആക്ഷേപഹാസ്യ പരമ്പര 2017മുതൽ 2021വരെ സ്ട്രീം ചെയ്തിരുന്നു. മൂന്ന് സീസണുകൾ നീണ്ടുനിന്ന ഈ ഷോ അവസാനിച്ചതിന് ശേ‍‍ഷമാണ് സെലെൻസ്‌കി പ്രസിഡന്റായി മത്സരിക്കാൻ തീരുമാനിക്കുന്നത്. സീരിസിന്‍റെ അതേ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് സെലെൻസ്‌കി 2019ൽ മത്സരിച്ചതെന്നും ശ്രദ്ധേയമാണ്.

യുക്രെയ്നിലെ റ‍ഷ്യന്‍ അധിനിവേശ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ അഭ്യർഥനപ്രകാരമാണ് സീരീസ് വീണ്ടും സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചതെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. റഷ്യയുടെ സൈനിക നീക്കങ്ങളെ ധൈര്യപൂർവം പ്രതിരോധിക്കുന്ന സെലെൻസ്‌കിക്ക് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച്കൊണ്ടിരിക്കുന്നത്.

റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയ്നിൽ കൂടുതൽ സഹായം വേണമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എസ് കോൺഗ്രസിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നെ സഹായിക്കാന്‍ റഷ്യൻ പാർലമെന്റംഗങ്ങൾക്ക് മേൽ യു.എസ് ഉപരോധം ചുമത്തണമെന്നും അവിടെനിന്നുള്ള ഇറക്കുമതി നിരോധിക്കണമെന്നും ഓൺലൈൻ വഴി കോൺഗ്രസിനെ അഭിസംബോധനചെയ്യത് സെലൻസ്കി ആവശ്യപ്പെട്ടു. വലിയ കരഘോഷത്തോടെയാണ് സെലൻസ്കിയുടെ ആവശ്യങ്ങളെ യു.എസ് കോൺഗ്രസ് സ്വീകരിച്ചത്.

Tags:    
News Summary - Ukrainian President Volodymyr Zelenskyy's 'Servant of the People' series returns to Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.