പ്യോങ്യാങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖാംനഈക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയ. ഇറാന് മേലുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ 'നിയമവിരുദ്ധം' എന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വിശേഷിപ്പിച്ചു. കൂടാതെ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്യോങ്യാങ്ങിലെ ഏറ്റവും വലിയ യുദ്ധക്കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയയുടെ ഈ നീക്കം തന്ത്രപരമായ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
‘ഇറാനിലെ പുതിയ നേതാവിനെ തിരഞ്ഞെടുത്തതായ ഔദ്യോഗിക പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. തങ്ങളുടെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാൻ ജനതയുടെ അവകാശത്തെയും തീരുമാനത്തെയും ഞങ്ങൾ ആദരിക്കുന്നു’ -മന്ത്രാലയ വക്താവ് പ്രസ്താവിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
’ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന ആക്രമത്തിൽ ഞങ്ങൾ അതീവ ആശങ്ക പ്രകടിപ്പിക്കുകയും അതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായ സൈനിക ആക്രമണം അഴിച്ചുവിട്ട് മേഖലയിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ തകർക്കുകയാണ് അമേരിക്കയും ഇസ്രായേലും. അന്താരാഷ്ട്ര രംഗത്ത് അവർ അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നു’ -മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. നാവികസേനയെ ആണവായുധങ്ങൾ കൊണ്ട് സജ്ജമാക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയെ കിം ജോങ് ഉൻ പ്രശംസിച്ചു. ശക്തവും വിശ്വസനീയവുമായ ആണവ പ്രതിരോധം നിലനിർത്തേണ്ടത് തന്ത്രപരമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയായ ഇറാൻ നേരിട്ട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയയുടെ പ്രസ്താവനകൾ അമേരിക്കക്കും സഖ്യകക്ഷികൾക്കും നൽകുന്ന വ്യക്തമായ മുന്നറിയിപ്പാണ്.
അതേസമയം, ഇറാനോടുള്ള രാഷ്ട്രീയ പിന്തുണയും മിസൈൽ പരീക്ഷണവും ഒരേസമയം നടന്നത് ബോധപൂർവമാണെന്നാണ് നിരീക്ഷകർ കരുതുന്നത്. ദശകങ്ങളായി ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ വലിയ വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ഭാഗത്തുനിന്നുള്ള അധിനിവേശ ഭീഷണി തടയാൻ ആണവായുധങ്ങൾ അത്യന്താപേക്ഷിതമാണെന്നാണ് പ്യോങ്യാങ്ങിന്റെ നിലപാട്.
ഇതിനിടെ ഉത്തരകൊറിയയുമായി വീണ്ടും ഉന്നതതല ചർച്ചകൾ പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്യോങ്യാങ്ങിനെ ആണവ ശക്തിയായി അംഗീകരിക്കുകയാണെങ്കിൽ അമേരിക്കയുമായി സഹകരിക്കാമെന്ന് കിം ജോങ് ഉന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇറാനുമായി ചേർന്ന് അമേരിക്കക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ചതോടെ നയതന്ത്ര ചർച്ചകൾ നടക്കുമോ എന്നത് സംശയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.