50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമേരിക്കയിൽ പുതിയ എണ്ണ ശുദ്ധീകരണശാല; റിലയൻസിന് നന്ദി പറഞ്ഞ് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ 50 വർഷത്തിനിടയിലെ ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാല വരുന്നു. ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെയാണ് ഈ ബൃഹത്ത് പദ്ധതി നടപ്പിലാക്കുന്നത്. ടെക്സസിലെ ബ്രൗൺസ്‌വില്ലയിലാണ് ഈ ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. ഏകദേശം 300 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഈ പദ്ധതിക്കായി അമേരിക്കയിൽ എത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി.

അമ്പതുവർഷത്തിനിടെ യു.എസിൽ ആദ്യമായി പുതിയ എണ്ണ ശുദ്ധീകരണശാല തുറക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇതിൽ വലിയ നിക്ഷേപം നടത്തുന്നതിന് ഇന്ത്യയിലെ പങ്കാളികൾക്കും പ്രത്യേകിച്ച് ഏറ്റവും വലിയ ഊർജ കമ്പനിയായ റിലയൻസിനും നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു.

നികുതികൾ കുറച്ചും പെർമിറ്റുകൾ വേഗത്തിലാക്കിയുമുള്ള തന്റെ അമേരിക്ക ഫസ്റ്റ് നയമാണ് ഇത്രയും വലിയൊരു നിക്ഷേപം അമേരിക്കയിലേക്ക് കൊണ്ടുവരാൻ സഹായിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ ഊർജ്ജ ഉൽപ്പാദനം വർധിപ്പിക്കുക, ദേശീയ സുരക്ഷ ശക്തമാക്കുക, ആഗോള വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും 'ക്ലീൻ' (പരിസ്ഥിതി സൗഹൃദ) ശുദ്ധീകരണശാലയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഇത് വലിയൊരു ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഈ പ്രഖ്യാപനം വരുന്നത് പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലാണ്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ട്.

2024ൽ ദിനംപ്രതി 1,60,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'എലമെന്റ് ഫ്യൂവൽസ്' എന്ന പദ്ധതിയാണ് പുതിയ പേരിൽ വരുന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷം രണ്ടാംപാദത്തിൽ തന്നെ പുതിയ എണ്ണശുദ്ധീകരണശാലയുടെ ശിലാസ്ഥാപനം നിർവഹിക്കും. ഇവിടെനിന്നുള്ള ഇന്ധനവിൽപ്പനക്കായി 20 വർഷത്തെ കരാറിൽ ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ടെന്നും പറയുന്നു. ഈ കരാറിൽ റിലയൻസും ഭാഗമാണെന്നാണ് വിവരം. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചോ യു.എസിലെ നിക്ഷേപത്തെക്കുറിച്ചോ റിലയൻസ് പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.

യു.എസിൽ നിലവിലുള്ള ഭൂരിഭാഗം എണ്ണശുദ്ധീകരണ ശാലകളും വളരെയേറെ പഴക്കമുള്ളവയാണ്. മാത്രമല്ല, ഇവയിൽ ചിലതെല്ലാം അടുത്തകാലത്ത് അടച്ചപൂട്ടുകയും ചെയ്തു. പരിസ്ഥിതി അനുമതികളടക്കമുള്ള പ്രശ്‌നങ്ങൾ കാരണം കുറേ വർഷങ്ങളായി പുതിയ എണ്ണശുദ്ധീകരണ ശാലകൾ ആരംഭിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഇതിനിടെയാണ് ടെക്‌സാസിൽ എല്ലാ അനുമതികളും നേടി പുതിയ എണ്ണശുദ്ധീകരണ ശാല വരുന്നത്. ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് എണ്ണവില കുത്തനെ കൂടുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Trump Announces First US Oil Refinery In 50 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.