റഷ്യൻ ഡ്രോൺ ചെർണോബിൽ ആണവ റിയാക്‌ടറിന്റെ ഷെല്ലിൽ പതിച്ചെന്ന് യുക്രെയ്ൻ; വിഡിയോ പങ്കുവെച്ച് സെലൻസ്കി

കീവ്: ചെർണോബിൽ റിയാക്ടറിൽ നിന്നുള്ള ആണവ വികിരണം തടയുന്ന സംരക്ഷണ കവചത്തിൽ ഉയർന്ന സ്ഫോടക ശേഷിയുള്ള റഷ്യൻ ഡ്രോൺ ഇടിച്ചെന്നും എന്നാൽ, റേഡിയേഷൻ സാധാരണ നിലയിലാണെന്നും യുക്രേനിയൻ പ്രസിഡന്റ് ​വ്ലാദിമിർ സെലെൻസ്‌കി. ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ സെലെൻസ്‌കി ‘എക്സി’ൽ പങ്കുവെക്കുകയും ചെയ്തു. ആക്രമണത്തിൽ പവർ പ്ലാന്റിന്റെ ഉപരി ഘടനക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും തീ പടർന്നെങ്കിലും അത് അണച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ,  സംഭവത്തിൽ റഷ്യൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.

പ്രാദേശിക സമയം പുലർച്ചെ 1.50നാണ് ഡ്രോൺ ആക്രമണമെന്ന് യു.എൻ ആറ്റോമിക് ഏജൻസിയും അറിയിച്ചു. റേഡിയേഷൻ അളവ് വർധിച്ചിട്ടില്ലെന്നും അകത്തെ കണ്ടെയ്നറിന് തകരാറുകൾ സംഭവിച്ചതിന്റെ സൂചനയൊന്നും ഇല്ലെന്നും ഏജൻസി പറഞ്ഞു.

ആണവ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിന് കാരണമായ, 1986ൽ പൊട്ടിത്തെറിച്ച പ്ലാന്റിന്റെ നാലാമത്തെ റിയാക്ടറിന് ചുറ്റും നിർമിച്ച സംരക്ഷണ കവചമാണിത്. ഉപേക്ഷിക്കപ്പെട്ട റിയാക്ടറിൽ അവശേഷിക്കുന്ന റേഡിയോ വികിരണം അന്തരീക്ഷത്തിലേക്ക് വരുന്നത് പരിമിതപ്പെടുത്തുന്നതിനാണ് 2016ൽ ഷെൽ നിർമിച്ചത്.

മൂന്ന് വർഷത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം യുക്രെയിനിലെ നാല് ആണവ നിലയങ്ങൾക്ക് ഭീഷണിയുയർത്തുന്നുണ്ട്. പ്രത്യേകിച്ച് യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ 10 ആണവനിലയങ്ങളിലൊന്നുമായ തെക്കൻ യുക്രെയ്നിലെ, റഷ്യയുടെ അധിനിവേശത്തിലുള്ള ‘സപ്പോരിജിയ’ ആണവ നിലയത്തിന്റെ അപകടങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകുന്നു.

ആറ്റോമിക് ഏജൻസി മേധാവി റാഫേൽ റോസി, സപ്പോരിജിയ പ്ലാന്റിന് സമീപമുള്ള സൈനിക പ്രവർത്തനത്തിലെ സമീപകാല വർധന നിരന്തരമായ ആണവ അപകട സാധ്യതകളിലേക്ക് അടിവരയിടുന്നു. ഐ.എ.ഇ.എ അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ukraine Says Russian Drone Hit Chernobyl Reactor Shell, But Radiation Levels Normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.