യുക്രെയ്നിലെ യുദ്ധക്കുറ്റം: റഷ്യൻ സൈനികന്റെ വിചാരണ തുടങ്ങി

കിയവ്: യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ സൈനികന്റെ വിചാരണ തുടങ്ങി. ആദ്യമായാണ് യുക്രെയ്നിലെ യുദ്ധക്കുറ്റം ചുമത്തി റഷ്യൻ സൈനികനെ വിചാരണ ചെയ്യുന്നത്. യുദ്ധം തുടങ്ങി ആദ്യ ആഴ്ചയിൽ തദ്ദേശവാസിയെ വെടിവെച്ചു കൊന്നു എന്ന കുറ്റം ചുമത്തിയാണ് യുക്രെയ്ൻ സൈന്യം 21 വയസ്സുള്ള റഷ്യൻ സൈനികനെ തടവിലാക്കിയത്.

സിവിലിയന്മാരെ വധിച്ചതിനും യുക്രെയ്ൻ സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും നിരവധി റഷ്യൻ സൈനികർ യുദ്ധക്കുറ്റ വിചാരണ നേരിടുന്നുണ്ട്. യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ കോടതിമുറിയിൽ നടന്ന വിചാരണ റിപ്പോർട്ട് ചെയ്യാൻ നിരവധി മാധ്യമപ്രവർത്തകരും എത്തിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക. റഷ്യൻ സൈനികർ നിരായുധരായ രണ്ട് യുക്രെയ്ൻ സിവിലിയൻമാരെ പിറകിൽനിന്ന് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങൾ സി.എൻ.എൻ, ബി.ബി.സി മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അടുത്തയാൾ ഏതാനും നിമിഷങ്ങൾക്കകവും. മാർച്ച് 16നാണ് ഈ കൊലപാതകങ്ങൾ നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച്ച് 27ന് കിഴക്കൻ യുക്രെയ്നിൽ ജനവാസകേന്ദ്രങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് സിവിലിയൻമാർ കൊല്ലപ്പെട്ട സംഭവത്തിലും റഷ്യ പ്രതിക്കൂട്ടിലാണ്. അതിനിടെ, റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇതിൽ കൂടുതൽ ആളുകളും പോളണ്ടിലാണ് എത്തിയത്. പലായനം ചെയ്തവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് യുക്രെയ്ൻ പൗരൻമാരെ റഷ്യ നിർബന്ധിതമായി കൊല്ലാക്കൊല ചെയ്യുകയാണെന്ന് യു.എസ് ആരോപിച്ചിരുന്നു.

അതിനിടെ, കിഴക്കൻ യുക്രെയ്നിലെ സെവറൊഡോണെട്സ്കിനടുത്ത് നദി കടക്കാനുള്ള റഷ്യൻ സൈനികരുടെ ശ്രമം പരാജയപ്പെട്ടു. നദിക്കു കുറുകെയുള്ള പാലത്തിൽ യുക്രെയ്ൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ടാങ്കുകളും സൈനിക വാഹനങ്ങളും കത്തിനശിച്ചു. റഷ്യക്കെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ചുമത്തണമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ജി7 യോഗത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Ukraine Begins First War Crimes Trial For Russian Soldier Accused Of Killing Unarmed Civilian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.