കിയവ്: റഷ്യയിലെ രണ്ട് പ്രധാന എണ്ണശുദ്ധീകരണശാലകൾക്ക് നേരെ യുക്രെയ്ന്റെ ദീർഘദൂര ഡ്രോൺ-മിസൈൽ ആക്രമണം. റഷ്യയുടെ സാമ്പത്തിക, സൈനിക ശേഷികളെ കൂടുതൽ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ ആക്രമണമെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്കകമാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
റഷ്യയിലെ പേം മേഖലയിലുള്ള ലൂക്കോയിൽ എണ്ണശുദ്ധീകരണശാലക്കും അതിർത്തിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള റിയാസാൻ റിഫൈനറിക്കും നേരെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഇരു കേന്ദ്രങ്ങളിലും തീപിടിത്തമുണ്ടായി. പ്രതിവർഷം ഏകദേശം മൂന്നുകോടി ടൺ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള ഈ രണ്ട് ശുദ്ധീകരണശാലകളും റഷ്യയുടെ പ്രതിരോധ വ്യവസായത്തിനും സർക്കാർ വരുമാനത്തിനും നിർണായകമാണ്.
അതേസമയം, യുക്രെയ്ന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റിയാസാൻ ഗവർണർ പാവൽ മാൽകോവ്, ഡ്രോൺ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റതായും ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ചില വ്യവസായ സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായതായും അറിയിച്ചു. എന്നാൽ, ഏത് സ്ഥാപനങ്ങളാണ് ബാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സ്വന്തമായി വികസിപ്പിച്ച ദീർഘദൂര ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ യുക്രെയ്ൻ മാസങ്ങളായി ആക്രമണം തുടരുകയാണ്. ഇതുമൂലം റഷ്യയിൽ ഇന്ധനവിതരണ പ്രതിസന്ധി രൂക്ഷമായതായും ഇത് ക്രെംലിനെ പ്രതിരോധത്തിലാക്കിയതായും യുക്രെയ്ൻ അവകാശപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കരിങ്കടലിലും അസോവ് കടലിലുമായി റഷ്യയുടെ 201 കപ്പലുകൾ ലക്ഷ്യമിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.