പ്രതീകാത്മക ചിത്രം

സൗദി പൈപ്പ് ലൈൻ ആക്രമണം: ഇറാഖിൽ ഡ്രോൺ വിക്ഷേപണ കേന്ദ്രം പിടിച്ചെടുത്തു

ബാഗ്ദാദ്: സൗദി അറേബ്യയുടെ എണ്ണ പൈപ്പ്‌ലൈനിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഡ്രോൺ വിക്ഷേപണ കേന്ദ്രം ഇറാഖി സുരക്ഷാ സേന പിടിച്ചെടുത്തു. ശനിയാഴ്ചയാണ് ഇറാഖി സുരക്ഷാ മീഡിയ സെൽ ചീഫ് സഅദ് മൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തിനുള്ളിൽ രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ സേനയും നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് വിക്ഷേപണ കേന്ദ്രം കണ്ടെത്തി പിടിച്ചെടുക്കാൻ സാധിച്ചതെന്ന് ഇറാഖി വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

പിടിച്ചെടുത്ത പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സാങ്കേതിക പരിശോധനകളും ഫോറൻസിക് വിശകലനങ്ങളും ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് സഅദ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായുള്ള ശക്തമായ നിരീക്ഷണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളിൽ പങ്കാളികളായ എല്ലാവരെയും പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്ന് ഇറാഖി സൈനിക വക്താവ് സബാഹ് അൽ-നുമാൻ വ്യക്തമാക്കി.

സൗദി അറേബ്യയിലെ റിയാദ്, മദീന എന്നീ പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പ്രമുഖ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിനു നേരെയാണ് ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായത്. ഈ ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. എങ്കിലും, ഇറാഖ് അതിർത്തിയിൽ നിന്നുള്ള ഇത്തരം ആക്രമണങ്ങൾ തടയാൻ ബാഗ്ദാദ് ഭരണകൂടത്തിന് സമയം നൽകണമെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് നിലവിൽ തിരിച്ചടി നൽകുന്നില്ലെന്ന് സൗദി അറിയിച്ചു. ഇതിനിടെ പുതിയ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാഖും ഇറാനും തമ്മിലുള്ള ശലാംചെ അതിർത്തി താൽക്കാലികമായി അടച്ചുപൂട്ടാൻ ഇറാഖ് ഉത്തരവിട്ടിട്ടുണ്ട്​.  

Tags:    
News Summary - Iraq seizes drone launch platform used in attack on Saudi oil pipeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.