പിക്കാക്സ് പർവതത്തിന്റെ സാറ്റലൈറ്റ് ദൃശ്യം

പിക്കാക്സ് പർവതത്തിൽ നിർമാണ പ്രവർത്തനമില്ല, ആണവ ആരോപണങ്ങൾ അടിസ്ഥാനരഹിതം: ഇറാൻ വിദേശകാര്യ മന്ത്രാലയം

തെഹ്റാൻ: ഇറാന്റെ രഹസ്യ ഭൂഗർഭ കേന്ദ്രമായ പിക്കാക്സ് പർവതത്തിൽ ആണവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന യു.എസ് വാദങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ. പിക്കാക്സ് പർവതത്തിനുള്ളിൽ ആണവ പദ്ധതികളുണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും, വാഷിങ്ടണിന്റെ മാധ്യമ പ്രചാരണ യുദ്ധങ്ങളുടെ ഭാഗം മാത്രമാണ് ഇത്തരം റിപ്പോർട്ടുകളെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സൈറ്റിൽ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതാണ്. തെഹ്റാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബഖാഈ അമേരിക്കൻ വാദങ്ങൾ തള്ളിയത്.

നിലവിൽ നടക്കുന്ന സംഘർഷങ്ങൾ മാനുഷിക മൂല്യങ്ങളുടെയും മാനദണ്ഡങ്ങളുടെയും വലിയ ലംഘനമാണെന്ന് ബഖാഈ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ബോംബിട്ട യു.എസും ഇസ്രായേലും വലിയ യുദ്ധക്കുറ്റങ്ങളാണ് ചെയ്തതെന്നും, ഫുട്ബോൾ മൈതാനത്ത് കൊല്ലപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പേരുകൾ നിരത്തിക്കൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണങ്ങളിൽ അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ ക്ലസ്റ്റർ യുദ്ധോപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബഖാഈ കൂട്ടിച്ചേർത്തു.

കൂടാതെ നിലവിലുള്ള യമൻ പ്രതിസന്ധിയുമായി ഇറാന് യാതൊരു ബന്ധവുമില്ലെന്നും, യമൻ കാര്യങ്ങളിൽ തങ്ങൾ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ പലരും ഇത് മുതലെടുക്കുകയാണെന്നും പറഞ്ഞു. യമൻ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നയം പുറത്തുനിന്നുള്ള ശക്തികളുടെ കൽപനപ്രകാരം നടപ്പിലാക്കില്ലെന്നും, ഒമാനുമായി ചേർന്ന് ഉത്തരവാദിത്തപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ബഖാഈ അറിയിച്ചു. യമനിലെ സംഭവവികാസങ്ങൾ കാരണമാണ് മസ്കത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചതെന്നും ബഖാഈ അറിയിച്ചു.

അതേസമയം അമേരിക്കയുടെ ഏകധ്രുവ നയത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് രംഗത്തുവരുന്നുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങളും ക്രമവും ലംഘിക്കുന്ന യു.എസിന്റെ നടപടികൾക്കെതിരെ സഖ്യകക്ഷികൾ പോലും പ്രതികരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ബഖാഈ വ്യക്തമാക്കി. പരമാധികാര രാജ്യമായ ഇറാനെ ആക്രമിക്കുകയും ഗസ്സയിൽ വംശഹത്യ നടത്തിയ ക്രിമിനൽ ശക്തികളുമായി കൈകോർക്കുകയും ചെയ്തതിലൂടെ യു.എസ് സകല നിയമങ്ങളും കാറ്റിൽപ്പറത്തിയിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബ്രിക്സ് രാജ്യങ്ങളും യു.എസിന്റെ സഖ്യകക്ഷികൾ പോലും അമേരിക്ക അടിച്ചേൽപ്പിക്കുന്ന ഏകധ്രുവ ക്രമത്തിനെതിരെയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Iran’s Baghaei denies nuclear activity at Pickaxe Mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.