പ്രതീകാത്മക ചിത്രം
ചൈന അതിർത്തിയിൽ സൈനിക വിന്യാസം കുറച്ചു; ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമെന്നും പ്രതിരോധമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ കഴിഞ്ഞ വർഷം ചൈന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ(പി.എൽ.എ) വിന്യാസത്തിൽ ഗണ്യമായ കുറവ് വരുത്തിയതായി പ്രതിരോധമന്ത്രാലയം. ഇന്ത്യയുടെ വടക്കൻ അതിർത്തികളുടെ എതിർവശത്തുള്ള വിന്യാസത്തിൽ ഈ വർഷം വലിയ തോതിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണിത്.
നിലവിൽ പത്ത് സംയുക്ത ആംസ് ബ്രിഗേഡ് സേനകളാണ് നിയന്ത്രണരേഖ പ്രദേശങ്ങളിലും പരമ്പരാഗത പരിശീലന മേഖലകളിലും ചൈന വിന്യസിച്ചിട്ടുള്ളത്. അതേസമയം, ഈ മേഖലയിലെ ഇന്ത്യൻ സൈന്യത്തിന്റെ വിന്യാസം ശക്തവും ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജവുമാണെന്നും മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, സൈനിക ഇടപെടലുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ നടപടി എന്നാണ് വിലയിരുത്തൽ. ഇത് വടക്കൻ അതിർത്തികളിൽ കൂടുതൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചുവെന്ന് പ്രതിരോധമന്ത്രാലം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഈ വർഷം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിർത്തിപ്രശ്നത്തെക്കുറിച്ച് പ്രത്യേക പ്രതിനിധികളുടെ ചർച്ച പുനരാരംഭിച്ചിരുന്നു. കൂടാതെ, വർക്കിങ് മെക്കാനിസം ഫോർ കോൺസൽട്ടേഷൻ ആൻഡ് കോ- ഓർഡിനേഷന്റെ (ഡബ്ലൂ.എം.സി.സി) 33, 34 റൗണ്ടുകൾ 2025 മാർച്ച്-ജൂലൈ മാസങ്ങളിൽ നടന്നു.
ഇതിനുപുറമെ, ഷാങ്ഹായ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആശങ്കാജനകമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പി.എൽ.എയുമായി അതിർത്തി പേർസണൽ മീറ്റിങുകൾ സൗഹൃദപരമായി നടക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ബ്രിക്സ് ഉച്ചകോടിക്കിടെ ന്യൂഡൽഹിയിൽ മോദിയും ചൈനീസ് ഷി ജിൻപിങ്ങും 50 മിനിറ്റിലധികം നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ ഒരിക്കലും തർക്കങ്ങളായി മാറാൻ അനുവദിക്കരുതെന്ന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അടിവരയിട്ടു. ‘പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപര്യം’ എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലൂന്നിയായിരിക്കണം ഇന്ത്യ-ചൈന ബന്ധങ്ങൾ മുന്നോട്ട് പോകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇന്ത്യയും ചൈനയും പരസ്പരം ഭീഷണികളല്ലെന്നും മറിച്ച് വികസന അവസരങ്ങളൊരുക്കുന്ന പങ്കാളികളാണെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. തന്ത്രപ്രധാനവും ദീർഘവീക്ഷണത്തോടുകൂടിയതുമായ സമീപനമാണ് ബന്ധങ്ങളിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.