പെസഷ്കിയാൻ സ്വാമിയുടെ കാലിൽ വീ​ണോ?; വിവാദമായ ദൃശ്യത്തിൽ വിശദീകരണവുമായി ഇറാൻ എംബസി

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഹിന്ദു ആത്മീയ നേതാവ് ജഗദ്ഗുരു സ്വാമി സതീശാചാര്യ മഹാരാജിന്റെ കാൽതൊടുന്നതായി പ്രചരിച്ച വീഡിയോയിൽ വിശദീകരണവുമായി ഇറാൻ എംബസി. പെസഷ്കിയാൻ കാൽതൊടാൻ കുനിഞ്ഞതല്ലെന്നും കൈയിൽനിന്ന് താഴെവീണ കത്ത് എടുക്കാനാണ് കുനിഞ്ഞതെന്നുമാണ് എംബസി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പെസഷ്കിയാൻ ന്യൂഡൽഹിയിലെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വിവിധ മതനേതാക്കളും പ്രമുഖരും പങ്കെടുത്ത ഒബ്റോയ് ഹോട്ടലിലെ കൂടിക്കാഴ്ചക്കിടെയായിരുന്നു സംഭവം.

വിവാദമായ വീഡിയോയിൽ സ്വാമി സതീശാചാര്യ മഹാരാജിനൊപ്പം നിൽക്കുന്ന പെസഷ്കിയാൻ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് പുഞ്ചിരിച്ച ശേഷം താഴേക്ക് കുനിയുന്നതാണ് കാണുന്നത്. ഇതോടെയാണ് അദ്ദേഹം ആത്മീയ നേതാവിന്റെ കാൽതൊട്ട് വണങ്ങിയെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായത്. എന്നാൽ വീഡിയോ സന്ദർഭത്തിൽനിന്ന് മാറ്റിയാണ് പ്രചരിപ്പിക്കുന്നതെന്നാണ് എംബസി വൃത്തങ്ങളുടെ വിശദീകരണം. മറ്റൊരു നേതാവിൽനിന്ന് ലഭിച്ച കത്ത് പെസഷ്കിയാന്റെ കൈയിൽനിന്ന് അബദ്ധത്തിൽ വീണതിനെ തുടർന്ന് അത് എടുക്കാനാണ് അദ്ദേഹം കുനിഞ്ഞതെന്നും വ്യക്തമാക്കി.

ഉത്തർപ്രദേശിലെ കാൺപൂർ കല്യാൺപൂരിലെ പ്രേമേശ്വർ ധാമിന്റെ പീഠാധീശ്വരനാണ് സ്വാമി സതീശാചാര്യ മഹാരാജ്. ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയുടെ ക്ഷണപ്രകാരമാണ് ഒബ്റോയ് ഹോട്ടലിൽ നടന്ന പ്രത്യേക അത്താഴവിരുന്നിൽ പങ്കെടുത്തതെന്ന് സതീശാചാര്യ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഇറാൻ അംബാസഡറുമായും ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ഡോ. അബ്ദുൽ മജീദ് ഹകീം ഇലാഹിയുമായും കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Iran Embassy Clarifies Pezeshkian Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.