ലണ്ടൻ: അറസ്റ്റ് ചെയ്ത കറുത്തവർഗക്കാരെൻറ കഴുത്തിലും തലയിലും മുട്ടുകാൽ അമർത്തിപ്പിടിച്ച് ബലം പ്രയോഗിച്ചതിനെ തുടർന്ന് ലണ്ടനിൽ വെള്ളക്കാരനായ പൊലീസ് ഒാഫിസർക്ക് സസ്പെൻഷൻ. വടക്കൻ ലണ്ടനിൽ വ്യാഴാഴ്ചയാണ് കറുത്ത വർഗക്കാരൻ അറസ്റ്റിലായത്. വിലങ്ങ് വെക്കപ്പെട്ട ഇയാളുടെ കഴുത്തിൽ കൈ ഉപയോഗിച്ച് അമർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി.
അമേരിക്കയിൽ മിനിയപൊളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരെൻറ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് വെള്ളക്കാരായ പൊലീസുകാർ കൊന്നതിനെ തുടർന്ന് ലോകത്തുടനീളം ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബ്രിട്ടനിലും സമാന രീതിയിൽ സംഭവമുണ്ടായത്.
‘ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എെൻറ കഴുത്തിൽ നിന്ന് പിടി ഒഴിവാക്കൂ’ എന്ന് അറസ്റ്റിലായ കറുത്തവർഗക്കാരൻ പറയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വെള്ളക്കാരനായ പൊലീസുകാരനൊപ്പം കിഴക്കനേഷ്യൻ വംശജനായ പൊലീസുകാരനും ഉണ്ടായിരുന്നു. അറസ്റ്റിലായ യുവാവ് പിന്നീട് നിലത്ത് ഇരുന്ന് പൊലീസിനോട് സംസാരിക്കുന്നതും കാണാം.
ആയുധം കൈവശം വെച്ചതിനും സംഘർഷമുണ്ടാക്കിയതിനും അറസ്റ്റിലായ ഇയാൾ കസ്റ്റഡിയിലാണ്. ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് ലണ്ടൻ പൊലീസിനെതിരെ രൂക്ഷ വിമർശമാണ് ഉയർന്നത്. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം മെട്രോപൊളിറ്റൻ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം അസഹ്യമായ പെരുമാറ്റമാണ് പൊലീസിൽ നിന്നുണ്ടായതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.