ലണ്ടൻ എയർ ട്രാഫിക് തകരാർ: രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി; ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ

ലണ്ടൻ: യു.കെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ലണ്ടൻ ഹിത്രൂ ഉൾപ്പെടെയുള്ള 15 വിമാനത്താവളങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. രണ്ടു ദിവസങ്ങളിലായി 2,000-ത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. യു.കെ സർവീസുകൾ നിർത്തിവെക്കേണ്ടി വന്നതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളിലെ യാത്രക്കാരായ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വഴിയിൽ കുടുങ്ങിയത്.

തകരാർ സംഭവിച്ച ആദ്യ ദിവസത്തിന് പുറമെ ബുധനാഴ്ച മാത്രം യു.കെ വിമാനത്താവളങ്ങളിൽ നിന്ന് 291 സർവീസുകൾ റദ്ദാക്കി. സാധാരണ ദിവസങ്ങളിൽ രണ്ട് ശതമാനം വരെ വിമാനങ്ങൾ റദ്ദാക്കുമ്പോൾ, ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 30 ശതമാനത്തോളമാണ് റദ്ദാക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് യു.കെയിലേക്ക് പുറപ്പെടേണ്ടിയിരുന്ന 24 വിമാനങ്ങളിൽ ഏഴെണ്ണത്തിന്റെ സർവീസ് റദ്ദാക്കിയതായി വ്യോമയാന വിശകലന ഏജൻസി വ്യക്തമാക്കി.

ഇന്ത്യൻ വിമാനക്കമ്പനികളുടെ ലണ്ടൻ സർവീസുകളെ സാങ്കേതിക തകരാർ കഠിനമായി ബാധിക്കുകയുണ്ടായി. ഇൻഡിഗോയുടെ മുംബൈ-ലണ്ടൻ വിമാനം നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്കും, ഡൽഹി-ലണ്ടൻ വിമാനം ഫ്രാൻസിലെ പാരീസിലേക്കും വഴിതിരിച്ചുവിട്ട ശേഷം സർവീസുകൾ പൂർണമായി റദ്ദാക്കി. ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ നാല് വിമാനങ്ങളും സമാനമായ രീതിയിൽ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

രാജ്യസഭാംഗമായ മിലിന്ദ് ദേവ്റ ഉൾപ്പെടെയുള്ള യാത്രക്കാർ മുംബൈ വിമാനത്തിൽ നിന്ന് ആംസ്റ്റർഡാം വിമാനത്താവളത്തിൽ ഇറക്കപ്പെടുകയും 24 മണിക്കൂറോളം അവിടെ കുടുങ്ങുകയും ചെയ്തു. വിമാനം വഴിതിരിച്ചുവിട്ടതിനാൽ ട്രാൻസിറ്റ് വിസയില്ലാതെ ലഗേജ് തിരിച്ചെടുക്കാൻ സാധിച്ചില്ലെന്നും, നെതർലൻഡ്സിൽ പൊതുഗതാഗത പണിമുടക്ക് ആയതിനാൽ ലണ്ടനിലേക്ക് ട്രെയിൻ മാർഗ്ഗം പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.കെയിലെ എയർ ട്രാഫിക് സിസ്റ്റം നിയന്ത്രിക്കുന്ന 'നാറ്റ്സ്' തങ്ങളുടെ ഫ്ലൈറ്റ് പ്രോസസിങ് സിസ്റ്റത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ തകരാർ പരിഹരിച്ചതായി അവർ വ്യക്തമാക്കിയെങ്കിലും, മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും സമാനമായ തകരാറുണ്ടായതിൽ എയർലൈൻ കമ്പനികൾ കടുത്ത പ്രതിഷേധത്തിലാണ്. നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട എയർലൈനുകൾക്ക് പിന്നാലെ, യു.കെ ട്രാൻസ്പോർട്ട് സെക്രട്ടറി ഹൈഡി അലക്സാണ്ടർ വിഷയം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 

Tags:    
News Summary - Indians stranded as UK air traffic failure cancels 2,000+ flights; Air India, IndiGo services hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.